ഒമാനിൽ മന്ത്രിസഭാ പുനഃസംഘടന; സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയായി സയ്യിദ് ദീ യസിൻ ബിൻ ഹൈതം

സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി

Update: 2026-01-12 17:44 GMT

മസ്‌കത്ത്: ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയായി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിനെ നിയമിച്ചു. 2020-ൽ സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്.

സുൽത്താന്റെ സ്ഥാനാരോഹണത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ചാണ് പുനഃസംഘടന. ഒമാന്റെ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയായി നിലവിലെ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിനെയാണ് നിയമിച്ചത്. സാമ്പത്തിക പരിഷ്‌കാരങ്ങൾ ത്വരിതപ്പെടുത്തുന്നതിനും നയ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള സുൽത്താനേറ്റിന്റെ മുന്നേറ്റത്തിന് ഊർജം പകരുന്നതാകും പുതിയ നിയമനം.

Advertising
Advertising

അൻവർ ബിൻ ഹിലാൽ അൽ ജാബ്രിയെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയായും നിയമിച്ചിട്ടുണ്ട്. സയ്യിദ് ഇബ്രാഹിം അൽ ബുസൈദിയാണ് പുതിയ പൈതൃക, ടൂറിസം മന്ത്രി. മുസന്ദം ഗവർണറായിരുന്നു ബുസൈദി. മസ്‌കത്ത് ഗവർണറായിരുന്ന സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയെ സാംസ്‌കാരിക, കായിക, യുവജന മന്ത്രിയായി നിയമിച്ചു. മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി എഞ്ചിനീയർ അഹമ്മദ് അൽ അമ്രിയെയാണ് നിയമിച്ചത്. സയ്യിദ് ബിലറാബ് ബിൻ ഹൈതമിനെ മസ്‌കത്ത് ഗവർണറായും സഹമന്ത്രിയായും നിയമിച്ചിട്ടുണ്ട്. വികസന കുതിപ്പ് തുടരുന്ന ഒമാന് പുതിയ ഊർജം പകരുന്നതാകും മന്ത്രിസഭാ പുനഃസംഘടന.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News