Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്ക് സഹായം നൽകുന്നവർക്ക് 1,000 റിയാൽ പിഴയും 3 വർഷം വരെ തടവും ലഭിക്കുമെന്ന് മുന്നറിയിപ്പ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്നതിനോ സഹായിക്കുന്നതിനോ എതിരെ ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ശക്തമായ മുന്നറിയിപ്പ് നൽകി.
തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ തടഞ്ഞുവയ്ക്കൽ, കുറ്റവാളികളെ പാർപ്പിക്കുകയോ രക്ഷപ്പെടാൻ അവരെ സഹായിക്കുകയോ ചെയ്യുക, നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കൽ, തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കൽ, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളുടെ വരുമാനം കൈവശം വയ്ക്കുകയോ കൈകാര്യം ചെയ്യുന്നവരും ശിക്ഷയുടെ പരിധിയിൽ വരും.
മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള 'അമാൻ' കാമ്പയിൻ രാജ്യത്ത് നടന്നുവരികയാണ്. മനുഷ്യക്കടത്ത് സംബന്ധിച്ച് പൊതുജന അവബോധം വളർത്തുക, തൊഴിലാളികളെയും തൊഴിലുടമകളെയും അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക, എന്നിവയാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.