ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിനരികെ; അതീവ ജാഗ്രത

ഒമാനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് കർശന നിർദേശം

Update: 2021-10-03 05:26 GMT

ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 80 കിലോമീറ്റര്‍ അടുത്തെത്തി. രാജ്യത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ശഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും.

ഒമാനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് കർശന നിർദേശം നല്‍കി. വരും മണിക്കൂറുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു

ശഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുന്നുണ്ട്. മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.

Advertising
Advertising

ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാസംഘം മത്ര വിലായത്തിൽ ഏഴ് പേരെ രക്ഷപ്പെടുത്തി. ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് അറിയിച്ചു. 48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ എട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കും. അടുത്ത 72 മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News