ഒമാനില്‍ ലൈസന്‍സില്ലാത്ത ടൂറിസം പ്രവര്‍ത്തനം ശിക്ഷാര്‍ഹമായ കുറ്റം; നിയമലംഘനങ്ങള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തും
ഒമാനില്‍ വില്ലകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ഗസ്റ്റ്ഹൗസുകളിലും സഞ്ചാരികളെ പാര്‍പ്പിക്കുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും
ഒമാനില്‍ ലൈസന്‍സില്ലാതെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും.
ഒമാനില്‍ വില്ലകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ഗസ്റ്റ്ഹൗസുകളിലും സഞ്ചാരികളെ പാര്‍പ്പിക്കുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇങ്ങനെ സഞ്ചാരികളെ താമസിപ്പിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. ഇങ്ങനെ അനധികൃത പ്രവര്‍ത്തനം നടത്തുന്ന വസ്തു ഉടമകള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങിയതായും ടൂറിസം മന്ത്രാലയം അറിയിച്ചു.
ചില കമ്പനികളും വ്യക്തികളും അനധികൃത ടൂറിസം സേവനങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ടൂറിസം ലൈസന്‍സുകള്‍ സ്വന്തമാക്കിയ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഈ പിഴ ബാധമായിരിക്കും. മാന്യതക്ക് വിരുദ്ധമായ പ്രവര്‍ത്തികള്‍, രാജ്യത്തിന്റെ കീര്‍ത്തിക്കും സുരക്ഷക്കും ഭീഷണിയാകല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഈ പിഴ ചുമത്തുകയും ചെയ്യും.