മൂന്ന് കാറുകൾ കൂട്ടിയിടിച്ച സംഭവം: സുഹാറിൽ രണ്ടുപേർ അറസ്റ്റിൽ
അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെയും കൂട്ടാളിയെയുമാണ് പിടികൂടിയത്
Update: 2026-01-10 12:40 GMT
മസ്‌കത്ത്: ഒമാനിലെ സുഹാറിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെയും കൂട്ടാളിയെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കാറുകൾ കൂട്ടിയിടിച്ച സംഭവത്തെ തുടർന്നാണ് നടപടി. പ്രതികളിലൊരാൾ ലൈസൻസ് പ്ലേറ്റില്ലാത്ത വാഹനത്തിൽ അഭ്യാസപ്രകടനം കാണിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നതെന്ന് നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു. സുഹാറിലെ സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റുമായി സഹകരിച്ചായിരുന്നു നടപടി.
അഭ്യാസപ്രകടനത്തെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെയും സംഭവ സമയത്ത് ഡ്രൈവറോടൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിയെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ പറഞ്ഞു.