ഒമാനിൽ ഉയരുന്നു മൂന്ന് പുതുതലമുറ നഗരങ്ങൾ

സുൽത്താൻ ഹൈതം സിറ്റി, ജബൽ അൽ ആലി സിറ്റി, തുറയ സിറ്റി എന്നിവിടങ്ങളിലെ നിർമാണത്തിൽ വൻ പുരോഗതിയെന്ന് നഗരാസൂത്രണ മന്ത്രാലയം

Update: 2025-11-24 10:00 GMT

മസ്‌കത്ത്: ഒമാനിൽ മൂന്ന് വമ്പൻ നഗര പദ്ധതികളിലെ നിർമാണ പ്രവൃത്തികൾ വേഗത്തിൽ. സുൽത്താൻ ഹൈതം സിറ്റി, ജബൽ അഖ്ദറിലെ അൽ ജബൽ അൽ ആലി സിറ്റി, മസ്‌കത്തിലെ അൽ തുറയ സിറ്റി എന്നിവിടങ്ങളിലെ നിർമാണത്തിലാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം വമ്പൻ പുരോഗതി റിപ്പോർട്ട് ചെയ്തത്. ഒമാൻ വിഷൻ 2040 ന് അനുസൃതമായി ആധുനികവും സുസ്ഥിരവുമായ നഗരങ്ങൾ സൃഷ്ടിക്കുകയാണ് ഗവൺമെൻറ് ലക്ഷ്യം.

സുൽത്താൻ ഹൈതം സിറ്റിയിലെ തയ്യാറെടുപ്പ്, ലെവലിംഗ് ജോലികൾ 100% വും പൂർത്തിയാക്കി. അടിസ്ഥാന സേവന ശൃംഖല, പ്രധാന റോഡുകൾ, കൽവെർട്ടുകൾ, നടപ്പാതകൾ തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുകയാണ്. പാലം ജോലികൾ 25% ആയി. അതേസമയം വൈദ്യുതി സ്റ്റേഷനുകൾ 30% പൂർത്തിയായി.

Advertising
Advertising

ദാഖിലിയയിലെ അൽ ജബൽ അൽ ആലി പദ്ധതി 60 കോടി റിയാലിന്റെ നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചിരിക്കുകയാണ്. 500 റെസിഡൻഷ്യൽ യൂണിറ്റുകൾ, ഒരു ഫൈവ് സ്റ്റാർ, 120 കീ ഹോട്ടൽ എന്നിവ ഉൾക്കൊള്ളുന്ന ഹെൽത്ത് ഡിസ്ട്രിക്റ്റിനായി 20 കോടി റിയാൽ കരാർ ഇതിൽ ഉൾപ്പെടുന്നു. ഗോൾഫ് കോഴ്സ്, ആഡംബര ഹോട്ടലുകൾ, ഇക്കോ-റിസോർട്ട്, പർവത ക്യാമ്പുകൾ, പൈതൃക ഗ്രാമം തുടങ്ങിയ പദ്ധതികളും നഗരത്തിലുണ്ട്.

ബൗഷറിലെ തുറയ സിറ്റി സ്മാർട്ട്, മിക്സഡ്-യൂസ് അർബൻ ഹബ്ബായാണ് വികസിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുണ്ടാകും. എട്ട് അയൽപക്കങ്ങളിലായി 2,600 യൂണിറ്റുകളുണ്ടാകും. 8,000-ത്തിലധികം താമസക്കാരെ ഉൾക്കൊള്ളും. തയ്യാറെടുപ്പ്, ലെവലിംഗ് ജോലികൾ 20% എത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ, റോഡ് നിക്ഷേപങ്ങൾ ആകെ 3.82 കോടി റിയാലാണ്. സംയോജിത നഗരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മൂന്ന് പദ്ധതികളുമെന്നാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം പറയുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News