'പൈലറ്റുമാരെ കസ്റ്റഡിയിൽ വെച്ചിട്ടില്ല'; തടഞ്ഞുവെച്ചെന്ന ഇറാൻ വാദം തള്ളി ഖത്തർ

ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് നിലപാട് വ്യക്തമാക്കിയത്

Update: 2026-08-16 04:05 GMT

ദോഹ: യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരെ തടഞ്ഞുവെച്ചെന്ന ഇറാൻ വാദം തള്ളി ഖത്തർ. പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിൽ ഇല്ലെന്നും ഇറാൻ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഖത്തർ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഇത് ദുർബലപ്പെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറി വ്യോമപാത കടന്നു വന്ന ജെറ്റുകളുടെ പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നും ആക്രമണ പാത സ്ഥിരീകരിച്ചതിനെ തുടർന്നുമാണ് ബന്ധപ്പെട്ട പൈലറ്റുമാരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചതെന്ന് അൽ അൻസാരി വ്യക്തത വരുത്തി. പ്രവർത്തന നിയമാവലികളെല്ലാം പാലിച്ച് പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനായി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു.

Advertising
Advertising

കാണാതായ പൈലറ്റുമാർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളുള്ള ഖത്തറിന്റെ റെസ്ക്യൂ ടീമുകൾ രം​ഗത്തിറങ്ങിയിരുന്നുവെന്നും അൽ അൻസാരി എടുത്തുപറഞ്ഞു. തിരച്ചിലിൽ കടലിൽ നിന്ന് കണ്ടെത്തിയ ഒരു പൈലറ്റിന്റെ ഭൗതികാവശിഷ്ടം കൈമാറുന്നതിനായി അന്താരാഷ്ട്ര നിയമ വ്യവസ്ഥകൾക്ക് വിധേയമായി ഇറാനിയൻ അധികൃതരുമായി രാജ്യം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ, രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ഇറാനിയൻ പ്രതിനിധി സംഘത്തെ ഏപ്രിലിൽ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും, ആ ക്ഷണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News