ഒരു കോടി രൂപ വരെ.. പ്രവാസികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

ആഗസ്റ്റ്​ 18 മുതൽ സെപ്​റ്റംബർ 18 വരെ ഒരു മാസമാണ്​ രജിസ്​ട്രേഷനുള്ള​ അവസരം

Update: 2026-08-16 16:30 GMT

ദുബൈ: പ്രവാസികൾക്കായി ഒരു കോടി രൂപ വരെയുള്ള ഇന്‍ഷുറൻസ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ​നോർക്കയുടെ നേതൃത്വത്തിലുള്ള നോർക്ക കെയർ പ്ലസ്.​ കേരളത്തിലെ പ്രവാസികൾക്കായി സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ്​ നോര്‍ക്ക കെയര്‍ പ്ലസ്സ്​ അവതരിപ്പിക്കുന്നത്​. പൊതു​മേഖലാ സ്ഥാപനമായ യുനൈറ്റഡ്​ ഇന്ത്യ ഇൻഷുറൻസുമായി ചേർന്നാണ്​ പദ്ധതി നടപ്പാക്കുന്നത്​. ആഗസ്റ്റ്​ 18 മുതൽ സെപ്​റ്റംബർ 18 വരെ ഒരു മാസമാണ്​ രജിസ്​ട്രേഷനുള്ള​ അവസരം.

അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ്​ സ്ലാബുകളിലായാണ്​ എൻറോൾമെന്‍റ്​ നടക്കുന്നത്​​. സ്ലാബുകൾക്ക്​ അനുസരിച്ച്​ പ്രീമിയത്തിലും വ്യത്യാസമുണ്ട്​. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ 80 വയസ്സ്​ വരെയുള്ള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനും അവസരമുണ്ട്​. നോർക്കയുടെ വെബ്​സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച്​ പോളിസിയുടെ ഭാഗമാകാം. ഗൂഗിൾ പ്ലേ സ്​​റ്റോർ, ആപ്പിൾ ആപ്പ്​ സ്​റ്റോർ എന്നിവയിലൂടെ നോർക്ക കെയർ പ്ലസിന്‍റെ മൊബൈൽ ആപ്പ് ഡൗൺലോഡ്​ ചെയ്തും ഇൻഷുറൻസ്​ പദ്ധതിയുടെ ഭാ​ഗമാകാം.

Advertising
Advertising

ആർക്കൊക്കെ പദ്ധതിയിൽ ചേരാനാകുമെന്ന് നോക്കാം

സാധുവായ നോർക്ക പ്രവാസി ഐ.ഡിയുള്ളവർക്കാണ്​ നോർക്ക കെയർ പ്ലസിൽ ചേരാൻ അവസരമുള്ളത്​. 18 മുതൽ 70 വരെ ​പ്രായമുളള്ളവർക്കാണ്​ അവസരം. സ്റ്റുഡന്‍റ്​ ഐ.ഡി ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. കേരള​ത്തിലെ പ്രവാസികൾക്ക് മാത്രമാണ്​ അംഗമാകാൻ അവസരം.

2026 ഏപ്രിൽ 15നാണ്​ നോർക്ക്​ കെയർ പ്ലസിന്​ തുടക്കം കുറിച്ചത്​. അടുത്ത വർഷം ഏപ്രിൽ 14 വരെയാണ്​ പദ്ധതിയുള്ളത്. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്​ലെസ്​ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. മറ്റ്​ ഇൻഷുറൻസ്​ പദ്ധതികളെ അപേക്ഷിച്ച്​ നോർക്ക കെയർ, കെയർ പ്ലസ്​ പദ്ധതികൾ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ മികച്ച നേട്ടമുള്ളവയാണ്​. 2026 ജൂലൈ 31 വരെ കാലയളവിലെ കണക്കുകൾ പരിശോധിക്കു​മ്പോൾ 99.38 ശതമാനം ക്ലെയിമുകളും തീർപ്പാക്കിയതായി നോർക്ക അധികൃതർ അവകാശപ്പെടുന്നു. 31,660 പോളിസി ഉടമകള്‍ക്ക് 227 കോടി രൂപ ക്ലെയിം ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്​തമാക്കുന്നു.

നാൽപത്​ ലക്ഷത്തിലധികം പ്രവാസികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടുണ്ടെന്നാണ്​ കണക്ക്​. ഇവരിൽ ബഹുഭൂരിഭാഗവും നോർക്ക കെയർ, കെയർ പ്ലസ്​ പോലുള്ള പദ്ധതികളോട്​ പുറം തിരിഞ്ഞുനിൽക്കുകയാണ്​. 138 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം മലയാളികൾ മാത്രമാണ്​ നോർക്ക കെയർ, കെയർ പ്ലസ്​ പദ്ധതികളിൽ അംഗമായിട്ടുള്ളത്​. രോഗബാധിതരാകുന്നത്​ അടക്കം ​​പ്രതിസന്ധികളിൽ കരുത്താകുന്ന ഇത്തരം പദ്ധതികളിൽ അംഗങ്ങളാകാൻ പ്രവാസികൾ ശ്രമിക്കണമെന്നാണ്​ നോർക്ക അധികൃതർ അഭ്യർഥിക്കുന്നത്​.

അതേസമയം, നോർക്കയുടെ പദ്ധതികൾ സാധാരണ പ്രവാസികളിലേക്ക്​ എത്തുന്നില്ലെന്ന പരാതിയുമുണ്ട്​. പ്രവാസി സംഘടനകളുടെയും എംബസികളുടെയും കോൺസുലേറ്റിന്‍റെയും പ്രവാസി മലയാളികളുടെ വലിയ സ്ഥാപനങ്ങളുടെയും പിന്തുണയോ​ടെ പദ്ധതികൾ സാധാരണ പ്രവാസികളിലേക്ക്​ എത്തിക്കണമെന്ന്​ ആവശ്യമുയരുന്നുണ്ട്​. ആഗസ്റ്റ്​ പതിനെട്ടിന്​ ആരംഭിക്കുമ്പോൾ തന്നെ പദ്ധതിയിൽ ചേരാൻ പരമാവധി പേർ ശ്രമിക്കണമെന്ന അഭ്യർഥനയാണ്​ നോർക്ക അധികൃതർ ഉയർത്തുന്നത്​.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News