ഖത്തര്‍ ഷൂറാ കൗണ്‍സിലിലേക്ക് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുപ്പ്; വിജ്ഞാപനമായി

വോട്ടെടുപ്പിന് അമീറിന്‍റെ അംഗീകാരം, മൊത്തം 30 ഇലക്ടറല്‍ ജില്ലകളായി തിരിച്ച് വോട്ടെടുപ്പ് നടക്കും

Update: 2021-07-29 20:04 GMT

ഖത്തറിന്‍റെ നിയമനിര്‍മ്മാണ സഭയായ ഷൂറാ കൌണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ചരിത്രത്തില്‍ ജനാധിപത്യരീതിയില്‍ നടക്കുന്ന ആദ്യ വോട്ടെടുപ്പ് കൂടിയാണ്.

രാജ്യത്ത് മൊത്തം 30 ഇലക്ടറല്‍ ജില്ലകളായി തിരിച്ചാണ് വോട്ടെടുപ്പ് നടക്കുക. ഈ ജില്ലകളും അവ ഉള്‍പ്പെടുന്ന മേഖലകളും അമീര്‍ പ്രഖ്യാപിച്ചു. ഓരോ ജില്ലകളില്‍ നിന്നും ഓരോ പ്രതിനിധിയെ വീതം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശൂറാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഉത്തരവിട്ടത്.

Advertising
Advertising

ഖത്തറില്‍ ജനിച്ച, ഖത്തരി പൌരത്വമുള്ള, പിതാമഹന്‍ ഖത്തരിയായ, പതിനെട്ട് വയസ്സ് തികഞ്ഞ ഏതൊരാള്‍ക്കും വോട്ട് ചെയ്യാന്‍ അവകാശമുണ്ടാകും. ഓഗസ്റ്റ് ഒന്ന് മുതല്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാംപയിന്‍ ആരംഭിക്കും. യോഗ്യരായ മുഴുവന്‍ പൌരന്മാരും എത്രയും പെട്ടെന്ന് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനി ആഹ്വാനം ചെയ്തു.

സ്ഥാനാര്‍ത്ഥികളാകാനുള്ള മാനദണ്ഡങ്ങള്‍

1930ന് മുമ്പ് ഖത്തറില്‍ താമസമാക്കിയ കുടുംബത്തില്‍ നിന്നുള്ള ഖത്തരി പൗരനായിരിക്കണം, 30 വയസ്സില്‍ കുറയാന്‍ പാടില്ല, അറബി വായിക്കാനും എഴുതാനും അറിയണം, വിശ്വാസ വഞ്ചന സദാചാര ലംഘനം തുടങ്ങി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതോ കുറ്റാരോപിതനോ ആയ ആളാകരുത്, സത്യസന്ധനും സല്‍സ്വഭാവിയുമായിരിക്കണം തുടങ്ങിയവയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യതകള്‍. മന്ത്രിമാര്‍, ജുഡീഷ്യറി അംഗങ്ങള്‍, സൈനികര്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മത്സരിക്കാനാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി രാജിവയ്ക്കാതെ തന്നെ ശൂറ കൗണ്‍സിലിലേക്ക് മല്‍സരിക്കാം.

തെരഞ്ഞെടുപ്പ് പ്രചാരണം, ചട്ടലംഘനം

പൊതുസ്ഥലങ്ങളില്‍ പ്രചാരണത്തിനായുള്ള വിവിധ വസ്തുക്കള്‍ സ്ഥാപിക്കാം. ഇതിനായുള്ള ഇടങ്ങള്‍ അനുവദിക്കുന്നതില്‍ പക്ഷപാതിത്വം പാടുള്ളതല്ല. പൊതു സ്വകാര്യ മാധ്യമങ്ങളിലും പക്ഷപാതിത്വമില്ലാതെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ഇടം നല്‍കാം. വിദേശ ഇടപെടല്‍, വോട്ട് പണം കൊടുത്ത് വാങ്ങല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്.

സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ നിയമിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.

ഇലക്ട്രല്‍ ജില്ലകള്‍

1.ഫരീജ് അല്‍ ഖുലൈഫാത്ത്

2. ഫരീജ് അല്‍ ഹത്മി

3. ഫരീജ് അല്‍ സലത്ത

4. അല്‍ മിര്‍ഖബ്

5. ഓള്‍ഡ് അല്‍ ഗാനിം

6. മുശൈരിബ്

7. അല്‍ ബിദ്ദ

8. ബറാഹത്ത് അല്‍ ജഫൈരി

9. ദോഹ അല്‍ ജദീദ്

10. റൗദത്ത് അല്‍ ഖൈല്‍

11. അല്‍ റുമൈല

12. ഫരീജ് അല്‍ നജ്ദ

13. സൗത്ത് അല്‍ വക്‌റ

15. നോര്‍ത്ത് അല്‍ വക്‌റ

16. അല്‍ സൈലിയ

17. ഓള്‍ഡ് റയ്യാന്‍

18. അല്‍ ഖര്‍ത്തിയാത്ത്

19. അല്‍ ദായീന്‍

20. അല്‍ ഖോര്‍ താക്കിറ

21. അല്‍ മശ്‌റബ്

22. അല്‍ ഗാരിയ

23. അല്‍ റുവൈസ്

24. അബ ദലൂഫ്

25. അല്‍ ജുമൈല്‍

26. അല്‍ കുവൈരിയ

27. അല്‍ നസ്‌റാനിയ, അല്‍ ഖുലൈബ്

28. ദുഖാന്‍

29. അല്‍ ഖര്‍സാഹ്, ഉമ്മഹാത്ത് സാവി, അല്‍ ഉവൈര്‍ന

30. റൗദത്ത് റാഷിദ്‌

Tags:    

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News