ഗവൺമെന്റ് മന്ത്രാലയങ്ങളുടെ ബജറ്റ് വിഹിതത്തിൽ കുറവു വരുത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ഖത്തർ

ഫിനാൻഷ്യൽ ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്

Update: 2026-08-25 16:55 GMT

ദോഹ: ഗവണ്മെന്റ് മന്ത്രാലയങ്ങളുടെ ബജറ്റ് വിഹിതത്തിൽ കുറവു വരുത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ഖത്തർ. ജീവനക്കാരുടെ ശമ്പളത്തെയും വികസന പദ്ധതികളെയും ബാധിക്കുന്ന ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്.

ഗവണ്മെന്റ് ഏജൻസികളുടെ ബജറ്റിൽ 30 ശതമാനവും വിദേശസഹായത്തിൽ 85 ശതമാനവും ഖത്തർ കുറവു വരുത്തിയെന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടാണ് വിദേശകാര്യമന്ത്രാലയം തള്ളിയത്. വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും സാഹചര്യത്തിൽ നിന്ന് അടർത്തി മാറ്റിയതുമാണെന്ന് മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട് ഘടനാപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. അസാധാരണ സാഹചര്യങ്ങളിൽ ഏതു രാജ്യവും സ്വീകരിക്കുന്ന മുൻകരുതൽ നടപടിയാണിത്. പ്രവർത്തനച്ചലവുകളെ മാത്രമാണ് തീരുമാനം ബാധിക്കുക. ജീവനക്കാരുടെ ശമ്പളത്തെയോ മൂലധന നിക്ഷേപങ്ങളെയോ വികസന പദ്ധതികളെയോ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഉത്പന്നങ്ങളുടെ ലഭ്യതയോ വിതരണ ശൃംഖലയോ തടസ്സപ്പെട്ടിട്ടില്ല. സ്വദേശികളും പ്രവാസികളും അടങ്ങുന്ന രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനാണ് ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വാർത്തകൾ ശേഖരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News