യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന

റഷ്യ-യുക്രൈന്‍ പ്രതിസന്ധിക്കിടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഖത്തറിന്‍റെ സഹായം തേടിയിരുന്നു

Update: 2022-02-22 16:24 GMT
Editor : ijas

യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ 65 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിക്കിടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഖത്തറിന്‍റെ സഹായം തേടിയിരുന്നു. ഇക്കാര്യത്തില്‍ സഖ്യരാജ്യങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കയും ഖത്തറിനെ സമീപിച്ചു. എന്നാല്‍ യൂറോപ്പിലെ മുഴുവന്‍ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു രാജ്യത്തിന് മാത്രം സാധിക്കില്ലെന്ന് ഖത്തര്‍ അറിയിച്ചിരുന്നു. നിലവില്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ ഊര്‍ജ മേഖലയെ ബാധിക്കാത്ത തരത്തില്‍ സഹായവും വാഗ്ദാനം ചെയ്തു. ഇതിന്‍റെ ഭാഗമായാണ് യൂറോപ്പിലേക്ക് എല്‍.എന്‍.ജി കയറ്റുമതി കൂട്ടിയത്.

Advertising
Advertising

ആഗോള പ്രകൃതി വാതക വിതരണത്തിന്‍റെ 21 ശതമാനവും ഖത്തറില്‍ നിന്നാണ്. നിലവില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 14 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ പ്രകൃതി വാതകമെത്തിക്കുന്നത്. ഇതില്‍ അഞ്ച് കേന്ദ്രങ്ങളാണ് യൂറോപ്പിലുള്ളത്. ബ്രിട്ടണ്‍, ഇറ്റലി, പോളണ്ട്, ബെല്‍ജിയും തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിതരണമാണ് കാര്യമായി കൂട്ടിയിട്ടുള്ളത്. സാധാരണ നിലയില്‍ യൂറോപ്പിന് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനവും എത്തിക്കുന്നത് റഷ്യയാണ്. ഇതില്‍ മൂന്നിലൊന്ന് കടന്നുപോകുന്നത് യുക്രൈനിലൂടെയും. യുക്രൈന്‍-റഷ്യ ബന്ധം വഷളായതോടെ വാതക വിതരണവും പ്രതിസന്ധി നേരിടുകയാണ്. നിലവില്‍ ഇന്ത്യയിലേക്കാണ് ഖത്തര്‍ ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതി ‌വാതകമെത്തിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നിലവില്‍ ആകെ നല്‍കുന്ന അത്രയും എല്‍.എന്‍.ജി ഖത്തര്‍ ഇന്ത്യക്ക് നല്‍കുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News