സ്കൂൾ തുറക്കുന്നു; 669 സോണുകളിൽ സുരക്ഷാ നടപടികൾ പൂർത്തിയാക്കി ഖത്തർ
ദോഹ: ഖത്തറിൽ സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സുരക്ഷാ നടപടികൾ ഊർജിതമാക്കി അധികൃതർ. അറുനൂറിലേറെ സ്‌കൂൾ മേഖലകളിൽ പൊതുമരാമത്ത് വിഭാഗം റോഡ് സുരക്ഷ ശക്തിപ്പെടുത്തി. സ്‌കൂളുകളുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്.
അടുത്ത അധ്യയന വർഷം പടിവാതിൽക്കലെത്തി നിൽക്കെ ഖത്തറിലുടനീളമുള്ള 669 സ്‌കൂൾ സോണുകളുടെ സുരക്ഷയാണ് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ വർധിപ്പിച്ചത്. ഇവിടങ്ങളിലെ ട്രാഫിക് സിഗ്‌നലുകളുടെ നവീകരണം, ക്രോസിങ് അടയാളപ്പെടുത്തൽ, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയതായി അഷ്ഗാൽ അറിയിച്ചു. വിദ്യാർഥികളുടെയും സ്‌കൂൾ സമയങ്ങളിലെ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്.
സമഗ്ര വികസനം ലക്ഷ്യമിട്ട് 140 സ്‌കൂളുകൾ നവീകരിക്കാൻ അഷ്ഗാൽ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ, വിനോദ, കായിക സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തും. പഠനത്തിന് ആവശ്യമായ സുരക്ഷിത അന്തരീക്ഷമൊരുകുകയാണ് ലക്ഷ്യം. പദ്ധതിക്കു കീഴിൽ ഏഴ് സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിക്കുന്നുമുണ്ട്.
ഈ വർഷം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 53 സ്‌കൂളുകളിൽ സമഗ്രമായ വികസന പദ്ധതികൾ നടപത്തിയതായി ബിൽഡിങ് പ്രോജക്ട് വകുപ്പ് അധികൃതർ അറിയിച്ചു. 2013 മുതലാണ് വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അഷ്ഗാൽ സ്‌കൂൾ സോൺ സേഫ്റ്റി പ്രോഗ്രാം ആരംഭിച്ചത്.