മണ്ണിനെ സ്‌നേഹിച്ചാല്‍ മലയാളിക്ക് പിന്നെന്ത് മരുഭൂമി...; മണല്‍ക്കാട്ടില്‍ "പൊന്ന് വിളയിച്ച്" സൈതാലിക്കുട്ടിയും സഹോദരങ്ങളും

കഴിഞ്ഞ ദിവസം മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സിന്റെ ആദരവും സൈതാലിക്കുട്ടി ഏറ്റുവാങ്ങി

Update: 2022-01-23 12:09 GMT
Advertising

ദോഹ: മലയാളി തുനിഞ്ഞിറങ്ങിയാല്‍ തങ്ങള്‍ക്ക് വഴങ്ങാത്ത വല്ല ജോലിയും മേഖലകളും ലോകത്തുണ്ടോ, അതും തലമുറകളായി പകര്‍ന്നു നല്‍കിയ, മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള കൃഷിയിലും അനുബന്ധകാര്യങ്ങളിലുമാണെങ്കിലോ..? അത്തരമൊരു കഠിനാധ്വാനത്തെ തുടര്‍ന്ന് ചുട്ടുപൊള്ളുന്ന മണല്‍ക്കാടിനെ 'കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചക്കാടാ'ക്കി മാറ്റിയിരിക്കുകയാണ് മലപ്പുറം തിരുനാവായക്കടുത്ത് കുണ്ട്‌ലങ്ങാടി സ്വദേശി കായല്‍ മഠത്തില്‍ സൈതാലിക്കുട്ടിയും സഹോദരങ്ങളും.



 

വളരെ ചെറുപ്പത്തില്‍ തന്നെ പ്രവാസം തേടി ഖത്തറിലെത്തിയ സെയ്താലിക്കുട്ടിക്ക് പൈതൃകസ്വത്തായി ലഭിച്ച കൃഷിയോടും മണ്ണിനോടുമുള്ള സ്‌നേഹവും ആവേശവും അത്രപെട്ടെന്നൊന്നും മാറ്റിവയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ആദ്യം വുഖൈറിലെ താമസസ്ഥലത്തോട് ചേര്‍ന്നുള്ള ഇത്തിരി സ്ഥലത്ത് ചെറിയ വിളകള്‍ നട്ട് പരിചരിക്കാന്‍ സൈതാലിക്കുട്ടി ആരംഭിച്ചത്.ചെറിയ പരിചരണം ലഭിച്ചപ്പോള്‍ തന്നെ വിളകള്‍ തഴച്ചുവളര്‍ന്നതോടെയാണ് ശ്രമങ്ങള്‍ ആദ്യം വീട്ടാവശ്യങ്ങള്‍ക്കുവേണ്ടിയും പിന്നീട് വ്യാപകമായ ജൈവകൃഷിയിലേക്കും വഴിമാറിയത്. സ്‌പോണ്‍സറുടെ സമ്മതത്തോടെ താസസ്ഥലത്തിനു ചുറ്റുമുള്ള തരിശുഭൂമിയാണ് സൈതാലിക്കുട്ടി തന്റെ വിളനിലമാക്കി മാറ്റിയെടുത്തത്.



 

വിളകള്‍

മത്തനും കുംബളവും ചിരങ്ങയും തുടങ്ങി ഇലവര്‍ഗങ്ങളായ വ്യത്യസ്ഥയിനം ചീരകള്‍, ജര്‍ജില്‍, ലെറ്റൂസ്, മല്ലി, പുതിന, തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ വിളയുന്ന ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് നാട്ടിലെ സുലഭ വിഭവങ്ങളായ വെണ്ട, ബീന്‍സ്, പയര്‍, പടവലം, പാവയ്ക്ക, സവാള, തക്കാളി, കക്കരി, വഴുതന വിവിധയിനം മുളകുകള്‍ തുടങ്ങിയവയെല്ലാം ഇന്ന് കാലാവസ്ഥയ്ക്കനുസരിച്ച് സൈതാലിക്കുട്ടയുടെ തോട്ടത്തിലെത്തിയാല്‍ ലഭിക്കും. പഴ വര്‍ഗങ്ങളായ തണ്ണി മത്തനും ശമാമും കൃഷിയിടത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. കൂടാതെ ഇവര്‍ നട്ടുവളര്‍ത്തിയ വിവിധയിനം മുന്തിയ ഈന്തപ്പനകളും കൃഷിയിടത്തിന് കാവലും അലങ്കാരവുമായി തോട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.



 

കൂട്ടായ പ്രവര്‍ത്തനവും കഠിനാധ്വാനവും

സൈതാലിക്കുട്ടിയെ കൂടാതെ സഹോദരങ്ങളായ അലി കായല്‍ മഠത്തില്‍, യൂസുഫ് കായല്‍ മഠത്തില്‍, മരുമകന്‍ അബ്ദുള്ളക്കുട്ടി എന്ന മാനു, കുടുംബാംഗങ്ങളായ അബ്ദുല്‍ നാസര്‍, അബ്ദുല്‍ റസാഖ്, സഹോദരി പുത്രനായ നൗഫല്‍ കുറ്റൂര്‍ എന്നിവരുടെയും കൂട്ടായ പരിശ്രമമാണ് മരുഭൂമിയെ പ്രകൃതി സനേഹികളുടെ സ്വര്‍ഗഭൂമിയാക്കി മാറ്റാന്‍ സഹായിക്കുന്നത്. സൈതാലിക്കുട്ടി നാട്ടിലായിരിക്കുമ്പോള്‍ വലിയ സഹോദരന്‍ അലിയാണ് കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

 



 


വിളവെടുപ്പിന്റെ കൃത്യമായ വിവരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നൗഫല്‍ കുറ്റൂര്‍ പുറത്തെത്തിക്കുമ്പോള്‍ അത് കണ്ടും കേട്ടറിഞ്ഞും നിരവധിപേരാണ് വിഷരഹിത പച്ചക്കറി വാങ്ങാനും കണ്ടാസ്വദിക്കാനുമായി ഇവിടേക്കെത്തുന്നത്. കൂടാതെ ആവശ്യക്കാര്‍ക്ക് താറാവും കോഴിയും കാടയും അവയുടെ മുട്ടയുമെല്ലാം ഇവര്‍ നല്‍കിവരുന്നുണ്ട്. അക്കാര്യങ്ങള്‍ നോക്കിനടത്തുന്നത് ഇളയ സഹോദരന്‍ യൂസുഫ് ആണ്.



 

കൃഷിരീതി

മണ്ണൊരുക്കി ആട്ടിന്‍കാഷ്ടവും ചാണകപ്പൊടിയുമടങ്ങിയ ജൈവ വളം ചേര്‍ത്ത്, കൃത്യമായ ഇടവേളകളില്‍ വിളകള്‍ക്കനുസരിച്ച് നനച്ചും ക്ഷമയോടെ പരിചരിച്ചുമാണ് കായല്‍മഠത്തില്‍ കുടുംബം മരുഭൂമിയിലും മാതൃക തീര്‍ക്കുന്നത്.

ആഗ്രഹവും അധ്വാനവുമുണ്ടെങ്കില്‍ ഒന്നും എവിടെയും അസാധ്യമല്ലെന്നാണ് ഈ സഹോദരങ്ങള്‍ ലോകത്തിന് കാണിച്ച് കൊടുക്കുന്നത്. മരുഭൂമിയിലെ കൃഷിക്ക് കൂടുതല്‍ ശ്രദ്ധയും അധ്വാനവും അത്യാവശ്യമാണെന്നാണ് സൈതാലിക്കുട്ടി പറയുന്നത്.

ഇതിനകം ജൈവ കൃഷിയിലെ ഈ വിജയകഥ കേട്ടറിഞ്ഞ് നിരവധിപേരാണ് പ്രോത്സാഹനങ്ങളുമായി ഇവരെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സിന്റെ ആദരവും സൈതാലിക്കുട്ടി ഏറ്റുവാങ്ങി. വുഖൈറിലുള്ള സെയ്താലിക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയാണ് മൈന്റ് ട്യൂണ്‍ പ്രവര്‍ത്തകര്‍ സെയ്താലിക്കുട്ടിയെ ആദരിച്ചത്.

നാട്ടില്‍നിന്ന് കുടുംബവും ആവശ്യമായ വിത്തുകളൊരുക്കിനല്‍കിയും നിര്‍ദേശങ്ങളും മറ്റുമായും കൃഷിയുടെ ഭാഗമാകുന്നുണ്ട്.




 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News