ഖത്തറിൽ മൂന്ന് പാർക്കുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു
അൽ വക്‌റ പബ്ലിക് പാർക്ക്, അൽ മഷാഫ് പാർക്ക്, റൗദത്ത് എഗ്‌ദൈം പാർക്ക് എന്നിവയാണ് തുറന്നത്
ദോഹ: ഖത്തറിൽ മൂന്ന് പാർക്കുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പൊതുമരാമത്ത് അതോറിറ്റിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പാർക്കുകൾ സജ്ജീകരിച്ചത്. അൽ വക്‌റ പബ്ലിക് പാർക്ക്, അൽ മഷാഫ് പാർക്ക്, റൗദത്ത് എഗ്‌ദൈം പാർക്ക് എന്നിവയാണ് പൊതുജങ്ങൾക്കായി തുറന്നു കൊടുത്തത്.
ഖത്തർ ദേശീയവിഷൻ 2030ന്റെ ഭാഗമായാണ് പുതിയ പാർക്കുകൾ ഒരുക്കിയത്. ഹരിത ഇടങ്ങൾ വർധിപ്പിക്കുക, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുക എന്നതിനൊപ്പം പൊതുജനങ്ങളുടെ ആരോഗ്യകരമായ ജീവിതവും പ്രധാന ലക്ഷ്യമാണ്. 46,601 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് അൽ വക്‌റ പബ്ലിക് പാർക്ക് നിർമിച്ചത്. ഇതിൽ 62 ശതമാനം ഹരിത ഇടമാണ്.
അൽ മഷാഫ് പാർക്കിന്റെ ആകെ വിസ്തീർണം 4,741 ചതുരശ്ര മീറ്ററാണ്. 24,000 ചതുരശ്ര മീറ്ററാണ് റൗദത്ത് എഗ്‌ദൈം പാർക്കിന്റെ വിസ്തീർണം. പൊതുജനങ്ങൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യം റൗദത്ത് എഗ്‌ദൈം പാർക്കിലുണ്ട്.