സേവനത്തിന്റെ 10 വർഷങ്ങൾ; പ്രവാസി വെൽഫെയർ സൗദിയിൽ ഒരു ദശകം പിന്നിടുന്നു

ആഘോഷങ്ങളുടെ ഭാഗമായി ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Update: 2024-05-07 19:53 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: 'പ്രവാസി സാംസ്‌കാരിക വേദി' എന്ന പേരിൽ 2014-ൽ സൗദിയിൽ പ്രവർത്തനമാരംഭിച്ച സംഘടന 'പ്രവാസി വെൽഫെയർ' എന്ന നാമകരണത്തിൽ ഒരു ദശകം പിന്നിടുകയാണ്. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ സമൂഹ മധ്യത്തിൽ ഉന്നയിക്കുവാനും സാധ്യമാകുന്ന രീതിയിൽ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുമായിരുന്നു ഇതിന്റെ പിറവി. ഒപ്പം, അവരുടെ കലാ, സാംസ്‌കാരിക, കായിക രംഗത്തെ ഉന്നമനവും പ്രവാസത്തിന്റെ ഫലപ്രദമായ അതിജീവനവും സംഘടന ലക്ഷ്യം വെച്ചു. ആശാവഹമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ രംഗത്ത് നടത്താൻ കഴിഞ്ഞുവെന്ന് ആശ്വസിക്കുമ്പോൾ തന്നെ ബഹുദൂരം മുന്നേറുവാനുണ്ടെന്ന യാഥാർഥ്യവും അംഗീകരിക്കുന്നു.

ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വെൽഫെയർ ഹോം, ജില്ലകൾ കേന്ദ്രമാക്കി ആംബുലൻസ്, കുടിവെള്ള പദ്ധതികൾ, യാത്രാ സഹായമായി എയർ ടിക്കറ്റുകൾ, പ്രശ്‌നങ്ങളിൽ അകപ്പെട്ടവർക്ക് നിയമ സഹായം, തൊഴിലാളികൾക്കിടയിൽ നടത്തിയ സേവനങ്ങൾ, മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്, കോവിഡ് കാലത്തെ പ്രത്യേക സഹായങ്ങൾ, ചാർട്ടേഡ് ഫ്‌ലൈറ്റ് ഒരുക്കൽ തുടങ്ങി നിരവധി ഇടപെടലുകൾ നടത്താൻ സംഘടനക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. കൂടാതെ പ്രവാസികളിൽ രാഷ്ട്രീയമായ അവബോധവും പ്രതികരണ ശേഷിയും വളർത്തുവാൻ നിരന്തരമായ സാമൂഹിക, രാഷ്ട്രീയ ചർച്ചകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ ക്യാമ്പുകൾ, കലാ, സാഹിത്യ ചർച്ചകൾ, ശില്പശാലകൾ എന്നിവയും നടത്തിവരുന്നു. പ്രവാസി യുവത്വത്തിന്റെ കായിക സർഗാത്മക ശേഷി നിലനിർത്തുവാൻ ക്ലബ്ബുകൾ സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫുട്‌ബോളിലും ക്രിക്കറ്റിലും നിരവധി ട്രോഫികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. വനിതകളുടെ സാമൂഹിക ഇടപെടലുകൾ ശക്തമാക്കുന്ന പരിപാടികൾക്ക് പുറമെ ഓണം, ക്രിസ്തുമസ്, ഇഫ്താർ, പെരുന്നാൾ പരിപാടികളുമായി സാംസ്‌കാരിക രംഗത്തും പ്രവാസി വെൽഫെയർ സജീവമാണ്. സംഘടന ഒരു ദശകം പിന്നിടുന്ന ഈ സന്ദർഭത്തിൽ ആറ് മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ മുഴുവൻ മലയാളി സമൂഹത്തിലും എത്തിക്കും, അതിനാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടത്തും. പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനം അർപ്പിച്ചവരെ ആദരിക്കും . പ്രവാസി കേന്ദ്രങ്ങളിൽ 10 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രവാസി മലയാളികളുടെ പ്രൊഫഷണൽ മീറ്റുകൾ സംഘടിപ്പിക്കും. 'പ്രവാസി വെൽഫെയർ 10 സേവന വർഷങ്ങൾ' ഡോക്യൂമെന്ററി പുറത്തിറക്കും. പ്രവാസി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിവിധ പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന 'ജനകീയ സഭ' വിളിച്ചു ചേർക്കും. യുവ സംരംഭകരുടെ സംഗമം വിളിച്ചു ചേർക്കും. നാഷണൽ ലെവലിൽ ലീഗൽ സെൽ രൂപീകരിക്കും. പ്രയാസമനുഭവിക്കുന്ന 10 പേർക്ക് എയർ ടിക്കറ്റുകൾ നൽകും. വനിതകൾക്കുള്ള തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ജോബ് സെല്ലുകൾ ഉണ്ടാക്കും. സൗദിയിലെ തൊഴിൽ സാഹചര്യങ്ങൾ പ്രവാസി വനിതകൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഈ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ഗൈഡൻസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കും.

റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രവാസി സാംസ്‌കാരിക വേദി നേതാക്കളായ സാജു ജോർജ്, ഖലീൽ പാലോട്, അഷ്‌റഫ് കൊടിഞ്ഞി, ബാരിഷ് ചെമ്പകശേരി എന്നിവർ സംസാരിച്ചു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News