14 കോടി യാത്രക്കാർ: സൗദി വ്യോമയാന മേഖലയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വളർച്ച
2024നെ അപേക്ഷിച്ച് 9.6% വർധനവ്
റിയാദ്: 2025 ൽ സൗദി വ്യോമയാനമേഖലക്ക് റെക്കോർഡ് വളർച്ച. യാത്രക്കാരുടെ എണ്ണത്തിൽ 9.6 % വളർച്ചയാണ് രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ കണക്ക് പ്രകാരം സൗദിയിലെ എയർപോർട്ടുകളിലെ യാത്രക്കാരുടെ കണക്ക് 14 കോടിയാണ്. ഇതിൽ 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരും ഉൾപ്പെടുന്നു.
ഈ വളർച്ചക്കൊപ്പം വിമാന സർവീസുകളിൽ 8.3% വർധനവും ഉണ്ടായി, മൊത്തം വിമാനങ്ങളുടെ എണ്ണം ഏകദേശം 980,400 ആയി ഉയർന്നു, ഇത് രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയുടെ തുടർച്ചയായ വീണ്ടെടുക്കലിനും വികാസത്തിനും അടിവരയിടുന്നു.
കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. ശരാശരി ഒരു ദിവസം 146,000 യാത്രക്കാർ എന്നതാണ് കണക്ക്. മദീന, ദമ്മാം എയർപോർട്ടുകളും റെക്കോർഡ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതയെന്ന തന്റെ സ്ഥാനം രാജ്യം ശക്തപ്പെടുത്തി. ലോകത്തെ 176 അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി രാജ്യം വ്യോമബന്ധം സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ കണക്കിന് സമാന്തരമായി എയർ കാർഗോ സെക്ടറിന്റെ നിലയിലും നേട്ടമുണ്ടായിട്ടുണ്ട്. 1.18 ദശലക്ഷം ടണ്ണാണ് കണക്ക്.