സമുദ്രഗതാഗതപാത സുരക്ഷിതമാക്കണം; അന്താരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിൻറെ മൂന്നാമത് യോഗം ജിദ്ദയിൽ
39 രാജ്യങ്ങൾ പങ്കെടുത്തു
റിയാദ്: ചെങ്കടൽ അടക്കമുള്ള സമുദ്രഗതാഗത പാത സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപം നൽകിയ അന്താരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിൻറെ യോഗം ജിദ്ദയിൽ ചേർന്നു. സഖ്യത്തിൻറെ മൂന്നാമത് പ്ലാനിംഗ് യോഗമാണ് ജിദ്ദയിലെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിൽ നടന്നത്. സഖ്യം പൂർണ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടന്ന യോഗത്തിൽ 39 സൗഹൃദ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. സഖ്യത്തിന്റെ ഘടനാപരമായ വികസനത്തിലും നിർണായക പുരോഗതിയുണ്ടായിട്ടുണ്ട്. സഖ്യത്തിന്റെ കമാൻഡറായി സൗദി അറേബ്യയിൽ നിന്നുള്ള പ്രതിനിധിയെ നിയമിച്ചു. ആദ്യ ഘട്ടത്തിലെ ഡെപ്യൂട്ടി കമാൻഡർ സ്ഥാനം പാകിസ്ഥാന് നൽകാനും ധാരണയായി. ഇതിന് പുറമെ കമാൻഡ് ആസ്ഥാനം നിശ്ചയിക്കുകയും ഔദ്യോഗിക ചിഹ്നം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
അംഗരാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സംയുക്ത കമാന്റ് ആന്റ് സ്റ്റാഫ് ഘടന, സംയുക്ത സമുദ്ര പ്രവർത്തന ഏകോപന കേന്ദ്രം, ഇന്റലിജൻസ് സെന്റർ എന്നിവയിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗത്തോടെ അന്തിമഘട്ടത്തിലെത്തി. ഉത്തരവാദിത്വത്തോടെയുള്ള സമുദ്ര സുരക്ഷ ഉറപ്പാക്കുക, കപ്പൽ ഗതാഗതത്തിനും കടലിടുക്കുകൾക്കും സുരക്ഷയൊരുക്കുക, അന്താരാഷ്ട്ര വ്യാപാരവും ആഗോള വിതരണ ശൃംഖലകളും തടസ്സമില്ലാതെ നിലനിർത്തുക എന്നിവയാണ് ഈ സമുദ്ര പ്രതിരോധ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ചട്ടക്കൂടുകൾ നിർമിക്കുന്നതിൽ നിന്ന് അവ പ്രായോഗികമായി നടപ്പിലാക്കുന്നതിലേക്ക് സഖ്യം മാറിയത് മേഖലയിലെ സമുദ്ര സുരക്ഷക്കും സ്ഥിരതക്കും വലിയ കരുത്താകും.