മക്കയിൽ 4 അന്താരാഷ്ട്ര ഹോട്ടലുകൾ ആരംഭിക്കുന്നു
നിർമാണം 'തിലാൽ ടവേഴ്സ്' എൻഡോവ്മെന്റ് പദ്ധതിയിൽ
മക്കയിൽ 4 അന്താരാഷ്ട്ര ഹോട്ടലുകൾ ആരംഭിക്കുന്നു. സുലൈമാൻ അൽ റാജ്ഹി ഹോൾഡിങ് കമ്പനിയുടെ 'തിലാൽ ടവേഴ്സ്' എൻഡോവ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് നിർമാണം. 2,500-ലധികം ഹോട്ടൽ, റെസിഡൻഷ്യൽ മുറികൾ ഉൾക്കൊള്ളുന്നതായിരിക്കും 4 അന്താരാഷ്ട്ര ഹോട്ടലുകൾ. കമ്പനിയുടെ ചെയർമാൻ ഇഹ്സാൻ ബഫാഖീഹാണ് ഇക്കാര്യം പറഞ്ഞത്.
200 കോടി റിയാലാണ് പദ്ധതിക്കായി നിക്ഷേപിക്കുന്നതെന്നും 330,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടമൊരുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. 1,35,000 ചതുരശ്ര മീറ്ററിനടുത്തുള്ള ഭാഗം വിൽക്കാനും വാടകക്ക് നൽകാനുമുള്ളതായിരിക്കുമെന്നും പറഞ്ഞു.
മക്കയിലെ രണ്ടാമത്തെ വലിയ പള്ളിയായ ആയിഷ അൽറാജ്ഹി മസ്ജിദിന് അടുത്തായുള്ള റെസിഡൻഷ്യൽ ഏരിയകളും അപ്പാർട്ടുമെന്റുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
അൽ റാജ്ഹി റിയൽ എസ്റ്റേറ്റിന്റെ മക്കയിലെ ഏറ്റവും വലിയ പദ്ധതിയാണ് 'തിലാൽ' പദ്ധതി. നഗരത്തിലെ കമ്പനിയുടെ മൊത്തം നിക്ഷേപത്തിന്റെ 30% ആണ് ഇതിനായി നൽകുന്നത്. വിവിധ പദ്ധതികളിലായി 600 കോടി സൗദി റിയാലാണ് കമ്പനി വകയിരുത്തുന്നത്. ചില പദ്ധതികൾ ഗ്രാൻഡ് മോസ്‌കിനോട് ചേർന്നും മറ്റുള്ളവ മറ്റ് സുപ്രധാന മേഖലകളിലുമാണ് വരിക.