സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കൂറ്റൻ ലോജിസ്റ്റിക്സ് കേന്ദ്രം വരുന്നു; 66 കമ്പനികൾ സഹകരിക്കും
നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷന്റെ കീഴിലാണ് ഈ സുപ്രധാന പദ്ധതി
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ആധുനിക രീതിയിലുള്ള കൂറ്റൻ ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കുന്നു. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ 66 കമ്പനികളും കൺസോർഷ്യങ്ങളും സഹകരിക്കും. രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷന്റെ കീഴിലാണ് ഈ സുപ്രധാന പദ്ധതി. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിൽ എട്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. അത്യാധുനിക ലോജിസ്റ്റിക്സ് സൗകര്യങ്ങളും വിപുലമായ സംഭരണ ശേഷിയും ഈ കേന്ദ്രത്തിൽ ഒരുക്കും.
ലോജിസ്റ്റിക്സ് സംബന്ധമായ എല്ലാ സേവനങ്ങളും ഏകീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഈ പുതിയ കേന്ദ്രം ലക്ഷ്യമിടുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിർണായക പങ്ക് വഹിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കാൻ 66 കമ്പനികളും കൺസോർഷ്യങ്ങളും ഇതിനകം താൽപ്പര്യം അറിയിച്ചതായി NCP അറിയിച്ചു.