Writer - razinabdulazeez
razinab@321
യാംബു: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് യാംബുവിൽ നിര്യാതനായി. പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്‌ച രാത്രി മരിച്ചത്.
റിയാദിൽ നിന്നുമെത്തിയ സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിച്ച് സംസാരിക്കുന്നതിനിടേ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 12 വർഷത്തോളമായി യാംബുവിൽ ജോലി ചെയ്തുവരികയായിരുന്ന നിയാസ് ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൻ റീജിയനൽ മാനേജറായിരുന്നു . ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇൻ്റർനാഷനൽ സ്കൂൾ ജീവനക്കാരിയാണ്.
ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ യു.കെ.ജി വിദ്യാർഥിയാണ്.
സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും അൽമനാർ സ്കൂൾ അധികൃതരും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. നിയാസിന്റെ പെട്ടെന്നുള്ള വേർപ്പാട് ബന്ധുക്കളെയും നാട്ടിലും ഗൾഫിലുമുള്ള സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.