റിയാദിൽ അബ്ഷിർ കോൺഫറൻസ് ആരംഭിച്ചു
എഐ പ്രയോജനപ്പെടുത്താൻ ഹുമൈനുമായി ആഭ്യന്തരമന്ത്രാലയം കരാർ ഒപ്പുവച്ചു
റിയാദ്: സൗദിയിലെ റിയാദിൽ അബ്ഷിർ കോൺഫറൻസ് ആരംഭിച്ചു. ഡിസംബർ 19 വരെയാണ് സമ്മേളനം നടക്കുക. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. തുവൈഖ് അക്കാദമിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 60 ലധികം പ്രധാന സെഷനുകളും 150 പ്രഭാഷകർ അവതരിപ്പിക്കുന്ന 80 വർക്ക്ഷോപ്പുകളും നടക്കും. 10 ഇൻന്ററാക്ടീവ് സോണുകളുമുണ്ട്.
മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമുകളിലും മേഖലകളിലും എഐ പ്രയോജനപ്പെടുത്താൻ ആഗോള എഐ കമ്പനിയായ ഹുമൈനുമായി കരാർ ഒപ്പുവച്ചു. സാങ്കേതിക കാര്യങ്ങളുടെ ആഭ്യന്തര അസിസ്റ്റന്റ് മന്ത്രി താമർ അൽഹർബിയും ഹുമൈൻ ചീഫ് എക്സിക്യൂട്ടീവ് താരിഖ് അമിനുമാണ് കരാറിൽ ഒപ്പുവച്ചത്.
തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നൂതന ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സംവിധാനമാണ് അബ്ഷിർ.