അലിഫ് പ്രീമിയർ ലീഗ് (എപിഎൽ) ലോഗോ പ്രകാശനം ചെയ്തു
നവംബർ 22 ശനിയാഴ്ച 7 മുതൽ സുവൈദി മൈതാനത്ത് മത്സരങ്ങൾക്ക് തുടക്കമാകും
റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന അലിഫ് പ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് നിർവഹിച്ചു. ജൂനിയർ, സീനിയർ കാറ്റഗറികളിലായി 100 താരങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ടീമുകളാണ് ലീഗിൽ മത്സരിക്കുന്നത്.
ടീം മാനേജേഴ്സിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിനകത്ത് നടന്ന താരലേലം അന്താരാഷ്ട്ര മത്സരങ്ങളുടെ താരലേല നടപടിക്രമങ്ങൾക്ക് സമാനമായിരുന്നു. സാൻ്റ്സ്റ്റോം വാരിയേഴ്സ്, ക്രസൻ്റ് ഈഗ്ൾസ്, ഒവയ്സിസ് ലയൻസ്, ഡെസേർട്ട് ഫാൽക്കൺ എന്നിവയാണ് അലിഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന നാല് ടീമുകൾ. നിശ്ചിത തുക മുൻനിർത്തി നടത്തിയ താരലേലത്തിൽ ടീം മാനേജേഴ്സ് മികച്ച താരങ്ങളെ സ്വന്തമാക്കി.
നവംബർ 22 ശനിയാഴ്ച 7 മണി മുതൽ സുവൈദി മൈതാനത്ത് അലിഫ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാകും. ലോഗോ പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ടീമുകളെയും ടീം മാനേജർമാരെയും പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.