വിഷാംശത്തിന്റെ സാന്നിധ്യം: സൗദിയിൽ കുട്ടികൾക്കുള്ള ബെബിലാക്, ആപ്റ്റാമിൽ പാൽപ്പൊടികൾ തിരിച്ചുവിളിച്ചു
കുട്ടികളിൽ ഛർദ്ദിയും വയറുവേദനയും ഉണ്ടാകും
റിയാദ്: പ്രമുഖ കമ്പനിയായ ന്യൂട്രിഷ്യ ഡാനോണിന്റെ ബെബിലാക് , ആപ്റ്റാമിൽ എന്നീ ബ്രാൻഡുകളിലുള്ള ഇൻഫന്റ് ഫോർമുലകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിപണിയിൽ നിന്ന് പിൻവലിക്കുന്നു. ഉൽപ്പന്നങ്ങളിൽ ബാസിലസ് സെറിയസ് ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന സെറൂലൈഡ് എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് മുൻകരുതൽ നടപടി. കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഈ പദാർത്ഥം അടങ്ങിയ ബാച്ചുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും കൈവശമുള്ളവ നശിപ്പിച്ചു കളയണമെന്നും അധികൃതർ ഉപഭോക്താക്കൾക്ക് കർശന നിർദേശം നൽകി.
ഇവ ഉപയോഗിക്കുന്ന വഴി അരമണിക്കൂർ മുതൽ ആറ് മണിക്കൂറിനുള്ളിൽ കുട്ടികളിൽ ഛർദ്ദി, വയറുവേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയേക്കാം. സാധാരണഗതിയിൽ 24 മണിക്കൂറിൽ കൂടുതൽ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് എസ്.എഫ്.ഡി.എ അറിയിച്ചു. നിലവിൽ സൗദി അറേബ്യയിൽ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കമ്പനിയുമായി സഹകരിച്ച് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണമായും നീക്കം ചെയ്യാനുള്ള നടപടികൾ അതോറിറ്റി വേഗത്തിലാക്കിയിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ എസ്.എഫ്.ഡി.എയുടെ കോൾ സെന്റർ വഴി വിവരങ്ങൾ കൈമാറണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.