ശാസ്ത്രീയ പാരമ്പര്യത്തിന്റെ അടയാളമായി മസ്ജിദുന്നബവിയിലെ 'സവാലി' ഘടികാരം
നമസ്‌കാര സമയം കൃത്യമായി നിർണ്ണയിക്കുന്നതിൽ പുരാതന മുസ്‍ലീങ്ങൾ സ്വീകരിച്ചുവന്ന രീതിയാണ്
റിയാദ്: ശാസ്ത്രീയ പാരമ്പര്യത്തിന്റെ അടയാളമായി മസ്ജിദുന്നബവിയിലെ സവാലി ഘടികാരം. മസ്ജിദുന്നബവിയിൽ സ്ഥിതിചെയ്യുന്ന ഈ ഘടികാരത്തിന് 80 വർഷത്തിലധികം പഴക്കമുണ്ട്. സൂര്യന്റെ ചലനത്തെ അടിസ്ഥാനമാക്കി സമയം കണക്കാക്കുന്ന ഈ രീതി, നമസ്‌കാര സമയം കൃത്യമായി നിർണ്ണയിക്കുന്നതിൽ പുരാതന മുസ്ലീങ്ങൾ സ്വീകരിച്ചുവന്നതാണ്.
സൂര്യൻ ആകാശത്തിന്റെ മധ്യഭാഗത്ത് എത്തുന്ന നിമിഷം മുതൽ മണിക്കൂറുകൾ കണക്കാക്കുന്ന രീതിയാണിത്. പ്രാദേശിക സൗര കലണ്ടറുമായി ബന്ധപ്പെട്ട ഈ സംവിധാനം, പുരാതന കാലത്തെ ദൈനംദിന ജീവിതരീതികൾക്കും ആരാധനാക്രമങ്ങൾക്കും അനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം ഹിജ്റ 1253 ലാണ് മസ്ജിദുന്നബവിയിൽ ആദ്യമായി മെക്കാനിക്കൽ ഘടികാരം സ്ഥാപിച്ചത്. ബാബുസ്സലാം കവാടത്തിന് സമീപമായിരുന്നു ഇതിന്റെ സ്ഥാനം. ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഈ ഘടികാരം സംരക്ഷിച്ചുപോരുന്നത് മസ്ജിദുന്നബവിയിലെ ചരിത്രപരമായ ശേഷിപ്പുകളോട് അധികൃതർ പുലർത്തുന്ന ആദരവിന്റെ അടയാളമാണ്.