മരുഭൂമി കീഴടക്കി ദാക്കർ റാലി...; കാർ വിഭാഗത്തിൽ ആറാം തവണയും കിരീടം ചൂടി ഖത്തർ താരം നാസർ അൽ അതിയ്യ
ബൈക്ക് വിഭാഗത്തിൽ ലൂസിയാനോ ബെനവിഡെസ് ജേതാവ്
റിയാദ്: സൗദി മരുഭൂപ്രദേശങ്ങളിലൂടെ ചീറിപ്പറന്ന ദാക്കർ റാലിയിൽ ഖത്തറിന്റെ നാസർ അൽ അതിയ്യക്ക് ആറാം കിരീടം. 48-ാമത് ദാക്കർ റാലിയുടെ സമാപന ചടങ്ങുകൾക്ക് ചെങ്കടൽ തീരമായ യാമ്പുവാണ് സാക്ഷ്യം വഹിച്ചത്. ബൈക്ക് വിഭാഗത്തിൽ വെറും രണ്ട് സെക്കൻഡിന്റെ വ്യത്യാസത്തിൽ ലൂസിയാനോ ബെനവിഡസ് ചാമ്പ്യനായി.
മരുഭൂമിയിലെ കഠിനമായ പാതകളിലൂടെ 7,994 കിലോമീറ്റർ താണ്ടി എത്തിയ സാഹസികർക്ക് വൻ വരവേൽപ് ലഭിച്ചു. കാർ വിഭാഗത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഡാസിയ ടീമിന്റെ നാസർ അൽ അതിയ്യ ഒരിക്കൽ കൂടി മരുഭൂമിയിലെ തന്റെ അപ്രമാദിത്വം തെളിയിച്ചു. കരിയറിലെ ആറാം കിരീട നേട്ടത്തിലൂടെ ദാക്കർ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി.
ഫോർഡ് ടീമിന്റെ നാനി റോമയിൽ നിന്നും മത്തിയാസ് എക്‌സ്‌ട്രോമിൽ നിന്നും കടുത്ത വെല്ലുവിളിയായിരുന്നു, എങ്കിലും പന്ത്രണ്ടാം ഘട്ടത്തിലെ നിർണയക പ്രകടനം അതിയ്യയുടെ വിജയം ഉറപ്പിച്ചു. ബൈക്ക് വിഭാഗത്തിൽ കണ്ടത് ദാക്കർ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫിനിഷിങ്ങാണ്. അവസാന നിമിഷം വരെ മുന്നിലായിരുന്ന ഹോണ്ടയുടെ റിക്കി ബ്രാബെക്കിനെ വെറും രണ്ട് സെക്കൻഡിന് പിന്നിലാക്കി കെ.ടി.എം താരം ലൂസിയാനോ ബെനവിഡസ് കിരീടം തട്ടിയെടുത്തു.
ദാക്കർ റാലി ക്ഷണിതാക്കളായി കേരളത്തിൽ നിന്നും റേസിംഗ് വിദഗ്ദ്ധർ എത്തിയിരുന്നു. ഹീറോ മോട്ടോ സ്പോർട്സിനായി മത്സരിച്ച റോസ് ബ്രാഞ്ച് എട്ടാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതിക തകരാറുകൾ മൂലം പിന്മാറേണ്ടി വന്ന ഇന്ത്യൻ താരം സഞ്ജയ് തകാലെ ക്ലാസിക് വിഭാഗത്തിൽ പ്രോലോഗിലും ആദ്യ ഘട്ടത്തിലും ഒന്നാമതെത്തി ദാക്കറിൽ ഒരു ഘട്ടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.