ഡിഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് വെള്ളിയാഴ്ച തുടക്കമാകും
24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് ദമ്മാം വിന്നേഴ്സ് സ്റ്റേഡിയം വേദിയാകും
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി ഒമ്പതിന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് ദമ്മാം വിന്നേഴ്സ് സ്റ്റേഡിയം വേദിയാകും.
മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും. എച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂർണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ, ബി, സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ തിരഞ്ഞെടുക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്‌ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുക. 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ 17 വർഷം പിന്നിടുകയാണ്. 24 ക്ലബുകളിൽ നിന്നായി ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരാണ് ഡിഫക്ക് കീഴിലുള്ളത്. ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.