സൗദി കിരീടാവകാശിക്കുള്ള അത്താഴ വിരുന്ന്; പങ്കാളികളായി യൂസുഫലി ഉൾപ്പെടെ പ്രമുഖർ

എട്ടു കരാറുകളും 40 ധാരണാ പത്രങ്ങളുമാണ് സൗദിയുമായി ഇന്ത്യ ഒപ്പുവച്ചത്.

Update: 2023-09-12 19:06 GMT
Advertising

റിയാദ്: ഒപ്പുവച്ച കരാറുകൾ വേഗത്തിൽ നടപ്പാക്കാൻ മന്ത്രിതല സമിതികൾ രൂപീകരിക്കാൻ ഇന്ത്യയും സൗദിയും ശ്രമം തുടങ്ങി. കിരീടാവകാശിയുടെ സന്ദർശനത്തിലെ നേട്ടങ്ങളെ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.

എട്ടു കരാറുകളും 40 ധാരണാ പത്രങ്ങളുമാണ് സൗദിയുമായി ഇന്ത്യ ഒപ്പുവച്ചത്. ഇരു കൂട്ടർക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്നവയാണ് ഇവ. സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം എളുപ്പത്തിലാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വിസാ ഇളവ്, തൊഴിൽ റിക്രൂട്ട്മെന്റിലെ സാങ്കേതിക തടസങ്ങൾ നീക്കൽ, സൈനിക സഹകരണം, സിനിമാ നിർമാണം, വിദ്യാഭ്യാസ മേഖലയിൽ സർവകലാശാലകൾ തമ്മിലുള്ള സഹകരണം എന്നിങ്ങിനെ പോകുന്നു പ്രധാന കരാറുകൾ.

കൂടിക്കാഴ്ചകൾക്ക് ശേഷം രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലും സൗദി കിരീടാവകാശി സംസാരിച്ചു. സൗദിയിലെ വ്യവസായ പ്രമുഖൻ കൂടിയായ എം.എ യൂസുഫലി അടക്കമുള്ളവരെ അദ്ദേഹം കണ്ടു. സൗദിയിലെ നിക്ഷേപത്തിന് ഇന്ത്യൻ കമ്പനികളെ സൗദി കിരീടവകാശി സ്വാഗതം ചെയ്തു. ലുലു ഉൾപ്പെടെയുള്ള സൗദിയിലെ മുൻനിര നിക്ഷേപകർ സൗദിയിൽ കൂടുതൽ മൂലധനം ഇറക്കുന്നുണ്ട്.

ഇന്ത്യയുടെ റുപേ കാർഡിനുള്ള സാധ്യതയും സൗദിയുടെ പരിഗണനയിലാണ്. പൈതൃക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വൻകിട ടൂറിസം പദ്ധതിക്കുള്ള ശ്രമത്തിലാണ് സൗദി. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി പുരാവസ്തു രംഗത്ത് ഗവേഷേണത്തിനും സഹകരണത്തിന് ധാരണയായിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി ഇന്ത്യയുമായുള്ള അറബ് ബന്ധം ചൂണ്ടിക്കാട്ടിയും അത് തുടരണമെന്നും ആവർത്തിച്ചാണ് സൗദി കിരീടാവകാശി ഇന്ത്യയിൽ നിന്നും മടങ്ങിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News