ഐഎംഡി സ്മാർട്ട് സിറ്റി സൂചികയിൽ എട്ട് സൗദി നഗരങ്ങൾ; റിയാദിന് 24-ാം സ്ഥാനം

27 സ്ഥാനം മുന്നേറി അൽ ഉലാ

Update: 2026-04-10 12:03 GMT

റിയാദ്: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (IMD) പുറത്തിറക്കിയ 2026 ലെ സ്മാർട്ട് സിറ്റി സൂചികയിൽ ഇടം നേടി എട്ട് സൗദി നഗരങ്ങൾ. റിയാദ് മൂന്ന് സ്ഥാനങ്ങൾ മുന്നേറി ആഗോളതലത്തിൽ 24-ാം സ്ഥാനത്തെത്തി. 2025 ൽ 27-ാം സ്ഥാനത്തായിരുന്നു നഗരം. ഹാഇലും ഹഫറൽ ബാത്തിനും ആദ്യമായി റാങ്കിങ്ങിൽ ഇടംപിടിച്ചു. ഹാഇൽ ആഗോളതലത്തിൽ 33-ാം സ്ഥാനമാണ് നേടിയത്, ഹഫറൽ ബാത്തിൻ 100-ാം സ്ഥാനവും.

ജിദ്ദ 55-ാം സ്ഥാനത്തും അൽ-ഖോബാർ 64-ാം സ്ഥാനത്തുമെത്തിയപ്പോൾ മദീന 67-ാം സ്ഥാനത്ത് തുടർന്നു. മക്ക 50-ാം സ്ഥാനത്തേക്ക് താഴ്ന്നു. നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ നഗരങ്ങൾ എത്രത്തോളം തയ്യാറാണെന്ന് എടുത്തുകാണിക്കാനുള്ള മാനദണ്ഡമായി IMD സ്മാർട്ട് സിറ്റി സൂചിക കണക്കാക്കപ്പെടുന്നു. സ്മാർട്ട്, സുസ്ഥിര സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളും പരിഗണിക്കപ്പെടുന്നു.

Advertising
Advertising

ആരോഗ്യ സംരക്ഷണം, സുരക്ഷ, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, മൊബിലിറ്റി, സാംസ്‌കാരിക പ്രവർത്തനങ്ങൾ, ഭരണം തുടങ്ങിയ മേഖലകളിലെ നഗരങ്ങളുടെ വികസനം സൂചിക വിലയിരുത്തുന്നു. ആഗോള തലത്തിൽ, യൂറോപ്യൻ നഗരങ്ങളാണ് ആദ്യ പത്ത് റാങ്കിങ്ങുകളിൽ ആധിപത്യം തുടരുന്നത്. സൂറിച്ച്, ഓസ്ലോ, ജനീവ, ലണ്ടൻ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.

27 സ്ഥാനം മുന്നേറി അൽ ഉലാ

2026 ലെ ഐഎംഡി സ്മാർട്ട് സിറ്റീസ് സൂചികയിൽ ആഗോളതലത്തിൽ 27 സ്ഥാനം മുന്നേറി അൽ ഉലാ. 85-ാം സ്ഥാനമാണ് നഗരം നേടിയത്. 2025-ൽ 112-ാം സ്ഥാനത്തായിരുന്നു. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട നഗരങ്ങളുടെ പട്ടികയിലാണ് അൽ ഉലാ ഇടം നേടിയിരിക്കുന്നത്.

ജീവിത നിലവാരം, സേവന കാര്യക്ഷമത, സാങ്കേതികവിദ്യ, പരിസ്ഥിതി സുസ്ഥിരത, സ്മാർട്ട് ഗവേണൻസ് എന്നീ മാനദണ്ഡങ്ങളിലൂടെയാണ് നഗരങ്ങളുടെ മികവ് ഈ വർഷത്തെ സൂചികയിൽ പരിശോധിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News