റിയാദിലും ജിദ്ദയിലുമായി ട്രാവൽ ഏജൻസികളിൽ വ്യാപക പരിശോധന
വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ
റിയാദ്: സൗദിയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനായി റിയാദിലും ജിദ്ദയിലുമായി നടത്തിയ വ്യാപക പരിശോധനയിൽ 92 നിയമലംഘനങ്ങൾ കണ്ടെത്തി. അനധികൃത ഉംറ പാക്കേജുകൾ വഴി തീർഥാടകരെ വഞ്ചിക്കുന്നത് തടയാൻ ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. റിയാദിൽ നടത്തിയ 110 പരിശോധനകളിൽ നിന്നായി 88 നിയമലംഘനങ്ങളും, ജിദ്ദയിൽ നടത്തിയ 86 പരിശോധനകളിൽ നിന്ന് 4 ലംഘനങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
വിവിധ മന്ത്രാലയങ്ങളുടെയും സുരക്ഷാ വിഭാഗങ്ങളുടെയും സംയുക്ത സഹകരണത്തോടെയായിരുന്നു ക്യാമ്പയിൻ. വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും പരിശോധനകൾ വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ട്രാവൽ ഓഫീസുകൾ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.