കണ്ണീരോർമകളിൽ അൽ അനൂദ്; ജീവൻ രക്ഷിച്ച സൗദി യുവാവിനും നാടിനും നന്ദി പറഞ്ഞ് സുഡാനി പെൺകുട്ടി

തന്റെ ഏറ്റവും വലിയ ആഗ്രഹം സൗദി കിരീടാവകാശിയെ നേരിട്ട് കാണണമെന്നതാണെന്നും അൽ അനൂദ്

Update: 2026-02-11 13:13 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: ഖസീമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുഡാനി പെൺകുട്ടി അൽ അനൂദ് തന്റെ അതിജീവനത്തിന്റെ കഥ സൗദി ഹെൽത്ത് കെയർ മോഡൽ ഫോറത്തിൽ വിവരിച്ചു. ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൽ അനൂദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചത്. ദാരുണമായ സംഭവത്തിൽ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും എന്നെന്നേക്കുമായി അനൂദിന് നഷ്ടമായിരുന്നു.

ആളിക്കത്തുന്ന തീയിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തി തന്നെ പുറത്തെടുത്ത സുൽത്താൻ അൽ ഹർബി എന്ന സൗദി യുവാവിന്റെ ധീരമായ ഇടപെടലാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് അനൂദ് ഓർത്തെടുത്തു. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്‌തെങ്കിലും തനിക്ക് ലഭിച്ച മികച്ച ചികിത്സയ്ക്കും കരുതലിനും സൗദി ഭരണകൂടത്തോടും മെഡിക്കൽ സംഘത്തോടും താൻ കടപ്പെട്ടിരിക്കുന്നുവെന്ന് അവൾ പറഞ്ഞു.

Advertising
Advertising

 അപകടത്തിന് ശേഷം തന്നെ സന്ദർശിച്ച ഖസീം ഗവർണറുടെ വാത്സല്യം ഒരു പിതാവിന്റേതിന് തുല്യമായിരുന്നു. തനിക്ക് ഇപ്പോൾ ഈ മണ്ണിൽ ലഭിക്കുന്ന സ്‌നേഹവും പിന്തുണയും തന്റെ വലിയ സങ്കടങ്ങൾക്കിടയിലും ആശ്വാസം നൽകുന്നതാണ്. കൂടാതെ തന്റെ ഏറ്റവും വലിയ ആഗ്രഹമം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നേരിട്ട് കാണണമെന്നതാണെന്നും അൽ അനൂദ് പറഞ്ഞു.

സൗദിയിലെ ഖസീം പ്രവിശ്യയിലുള്ള അൽ നബ്ഹാനിയയ്ക്ക് സമീപം ഒക്ടോബർ 22നായിരുന്നു മനസാക്ഷിയെ നടുക്കിയ ഈ ദുരന്തം നടന്നത്. അൽ അനൂദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുകയുമായിരുന്നു. കാർ പൂർണമായും അഗ്‌നിക്കിരയായ ഈ അപകടത്തിൽ അൽ അനൂദിന്റെ പിതാവ് അബ്ദുള്ള അൽ തുരൈഫി, മാതാവ്, സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News