സൗദി അറേബ്യയുടെ ആറ് ഭരണാധികാരികൾ; രാജ്യത്തിന്റെ ഭരണ ചരിത്രത്തിലൂടെ ഒരു യാത്ര

നിലവിലെ ഭരണാധികാരിയായ സൽമാൻ രാജാവിന്റെ മുൻഗാമികളായ ആറ് രാജാക്കന്മാരുടെ ചരിത്രം നമുക്കൊന്ന് നോക്കാം

Update: 2023-02-18 18:34 GMT

Kings Of Saudi Arabia

റിയാദ്: ആറ് ഭരണാധികാരികളാണ് സൗദി അറേബ്യ ഇതുവരെ ഭരിച്ചത്. സൗദി സ്ഥാപിച്ച ശേഷം രാജ്യം വളർച്ച കണ്ടത് ഇവരിലൂടെയാണ്. നിലവിലെ ഭരണാധികാരിയായ സൽമാൻ രാജാവിന്റെ മുൻഗാമികളായ ആറ് രാജാക്കന്മാരുടെ ചരിത്രം നമുക്കൊന്ന് നോക്കാം. അത് സൗദി അറേബ്യയെന്ന രാജ്യത്തിന്റെ ആറ് നാഴികക്കല്ലുകളാണ്.

അബ്ദുൽ അസീസ് രാജാവിൽ നിന്ന്‌ തുടങ്ങുന്നു ആധുനിക സൗദിയുടെ ചരിത്രം

1932 മുതൽ 21 വർഷം നീണ്ട് 1953 വരെ ഭരിച്ച അബ്ദുൽ അസീസ് രാജാവിൽ നിന്ന്‌ തുടങ്ങുന്നു ആധുനിക സൗദിയുടെ ചരിത്രം. സൗദി അറേബ്യയുടെ ആധുനിക സ്ഥാപകൻ. ആദ്യ രാജാവ്. രാഷ്ട്രപിതാവ് എന്നെല്ലാം അദ്ദേഹമറിയപ്പെടുന്നു. 1953ലായിരുന്നു അബ്ദുൽ അസീസ് രാജാവിന്റെ മരണം.

Advertising
Advertising

അസീസ് രാജാവിന്റെ മരണത്തെ തുടർന്ന് സഊദ്

അബ്ദുൽ അസീസ് രാജാവിന്റെ മരണത്തെ തുടർന്ന് രണ്ടാമത്തെ മകനായ സഊദ് ഭരണമേറ്റെടുത്തു. മന്ത്രിസഭ രൂപീകരിച്ച അദ്ദേഹം ആരോഗ്യം വിദ്യഭ്യാസം വാണിജ്യം എന്നിങ്ങിനെ പ്രത്യേകം വകുപ്പുകളുണ്ടാക്കി. രാജ്യത്തുടനീളം സ്‌കൂളുകളും സർവകലാശാലകളും സ്ഥാപിച്ചു. യുഎസിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ ആദ്യ സൗദി ഭരണാധികാരി ഇദ്ദേഹമായിരുന്നു. 1962-ൽ ആദ്യമായി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം വിളിച്ചുകൂട്ടി മക്ക ആസ്ഥാനമായി മുസ്‌ലിം വേൾഡ് ലീഗ് എന്ന സംഘടനക്കും രൂപം നൽകി. 11 വർഷം നീണ്ട സഊദ് രാജാവിന്റെ ഭരണമവസാനിച്ചത് 1964ൽ സഹോദരൻ ഫൈസൽ ഭരണമേറ്റപ്പോഴാണ്.

പാശ്ചാത്യ രാജ്യങ്ങളെ വിറപ്പിച്ച ഫൈസൽ

1964 മുതൽ ഭരിച്ച ഫൈസൽ രാജാവിന്റെ കാലത്താണ് സൗദി അറേബ്യ ഏറ്റവും മികച്ച് കുതിച്ചത്. റോഡുകൾ, വ്യവസായ ശാലകൾ തുടങ്ങി സൗദി അതിവേഗത്തിൽ വളർന്നു. പെൺകുട്ടികൾക്ക് വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുയർന്നു. 1966ൽ അടിമത്തം നിരോധിച്ചു. 1971ൽ 56 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്ക് രൂപം നൽകി. മക്ക മദീനയുൾപ്പെടെ രാജ്യത്തെ പള്ളികൾ വികസിപ്പിക്കപ്പെട്ട സുപ്രധാന കാലഘട്ടം. 1973ലെ എണ്ണ കയറ്റുമതി നിരോധനത്തിലൂടെ പാശ്ചാത്യ രാജ്യങ്ങളെ വിറപ്പിച്ചത് ഫൈസൽ രാജാവാണ്. ഫലസ്തീനെതിരെ ഇസ്രയേലിനെ പിന്തുണച്ച രാജ്യങ്ങൾക്കുള്ള പെട്രോൾ വിതരണം അദ്ദേഹം നിർത്തി. മുന്നൂറിരട്ടിയോളം എണ്ണവില ഉയർന്നു. ഈയൊരൊറ്റ നടപടിയിലൂടെ ഇസ്‌ലാമിക ലോകത്തെ പ്രിയമേറിയ ഭരണാധികാരിയായി. കർശനമായ ഈ നിലപാടിന് പിന്നാലെ 1974ലെ ടൈം മാഗസിൻ മാൻ ഓഫ് ദ ഇയറായിരുന്നു ഫൈസൽ. യുഎസിൽ നിന്ന് മടങ്ങിയെത്തിയ അർധ സഹോദരൻ 1975 മാർച്ച് 25ന് അദ്ദേഹത്തെ വെടിവെച്ച് കൊന്നു.

ഫൈസൽ രാജാവിന്റെ പിൻഗാമി സഹോദരൻ ഖാലിദ്

ഫൈസൽ രാജാവിന്റെ പിൻഗാമിയായി എത്തുന്നത് സഹോദരൻ ഖാലിദ് രാജാവാണ്. ഫൈസലിന്റെ പാത അദ്ദേഹം തുടർന്നു. രാജ്യത്ത് എല്ലാ മേഖലകളിലും സ്‌ഫോടനാത്മകമായ വളർച്ചയെത്തിയ വർഷം. പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി കൗൺസിലിന്റെ സ്ഥാപകനാണ്. സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി ഐക്യരാഷ്ട്രസഭ നൽകുന്ന സ്വർണ്ണമെഡലിന് ഖാലിദ് അർഹനായിട്ടുണ്ട്. 1975 മുതൽ 82 വരെ നീണ്ട ഏഴു വർഷ ഭരണം അവസാനിച്ചത് അദ്ദേഹത്തിന്റെ മരണത്തോടെയാണ്.

ഇരു ഹറം കാര്യാലയ സേവകൻ എന്ന വിശേഷണം സ്വീകരിച്ച ഫഹദ് രാജാവ്

മക്ക മദീന ഉൾപ്പെടുന്ന ഇരു ഹറം കാര്യാലയ സേവകൻ എന്ന വിശേഷണം ആദ്യമായി സ്വീകരിച്ച ഭരണാധികാരിയായിരുന്നു 1982-ൽ അധികാരമേറ്റ ഫഹദ് രാജാവ്. ഒമ്പത് കോടി ഡോളറിന്റെ ആയുധക്കരാർ ഉൾപ്പെടെ പ്രതിരോധ മേഖലയിൽ സൗദി കരുത്താർജ്ജിച്ച വർഷം. കുവൈത്തിന്റെ മോചനത്തിനായി അമേരിക്കൻ സഖ്യസേനക്ക് സൗദിയിൽ സൈനിക താവളമൊരുക്കിയ തന്ത്രപ്രധാന തീരുമാനെടുത്തത് ഇദ്ദേഹമാണ്. ലക്ഷക്കണക്കിന് വരുന്ന തീർഥാടകർക്കായി ഹറം വികസന, വിമാനത്താവള വികസന പദ്ധതിക്ക് തുടക്കമായതും ഈ കാലയളവിൽ തന്നെ. 2005-ൽ ന്യുമോണിയയെ തുടർന്ന് 23 വർഷം നീണ്ട ഭരണത്തിൽ നിന്ന്‌ അദ്ദേഹം മരണത്തിലേക്ക് വിടവാങ്ങി.

2005 ആഗസ്ത് 1ന് അബ്ദുല്ല രാജാവായി

2005 ആഗസ്ത് 1നാണ് രാജാവായി അബ്ദുല്ല സ്ഥാനമേറ്റത്. സ്ത്രീ ശാക്തീകരണത്തിന്റ തുടക്കമായിരുന്നു അത്. ശൂറയിൽ വനിതകൾക്ക് പ്രാതിനിധ്യം. പെൺകുട്ടികൾക്ക് വിദേശത്ത് പഠിക്കാൻ അനവധി സ്‌കോളർഷിപ്പുകൾ എന്നിവ നടപ്പാക്കി. കണക്കുകൾ പ്രകാരം അറബ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയിരുന്നു ഇദ്ദേഹം. ഫലസ്തീൻ ഉൾപ്പെടെ അന്താരാഷ്ട്ര വിഷയങ്ങളിൽ ശക്തമായ നിലപാടുള്ള വ്യക്തി. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസികളെത്തിയ വർഷങ്ങൾ. പ്രവാസികളുടെ സുവർണ കാലഘട്ടം. 2015 ജനുവരി 23നായിരുന്നു അദ്ദേഹത്തിന്റെ മരണം. സൗദിയുടെ സുപ്രധാനമായ ഈ ആറ് കാലഘട്ടം പിന്നിട്ടാണ് ഭരണം ഇന്നത്തെ ഭരണാധികാരിയായ സൽമാൻ രാജാവിലേക്കെത്തുന്നത്.


Full View

History of the six kings who have ruled Saudi Arabia so far.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News