ജിദ്ദക്കാർക്ക് ഇനി മഞ്ഞിൽ കളിക്കാം; ജിദ്ദ സീസണിന്റെ ഭാഗമായി വിന്റർ വണ്ടർലാന്റ് തുറക്കുന്നു
ഡിസംബർ 19ന് ഉദ്ഘാടനം
ജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി നഗരത്തിൽ പുതിയ വിനോദാനുഭവമാകാൻ ജിദ്ദ വിന്റർ വണ്ടർലാന്റ് വരുന്നു. വിന്റർ ഫെസ്റ്റുകളുടെ പുത്തൻ കാഴ്ചകളും കളിയരങ്ങുകളും ഒരുക്കിയാണ് സന്ദർശകർക്കായി വണ്ടർലാൻഡ് ഒരുങ്ങുന്നത്. കിങ് അബ്ദുൽ അസീസ് റോഡിൽ കോർണിഷിന് സമീപം ഒരുക്കിയ കേന്ദ്രം ഡിസംബർ 19ന് ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ട്ര നിലവാരമുള്ള വിന്റർ ഫെസ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, മഞ്ഞുമൂടിയ ഒരു ഉത്സവ അന്തരീക്ഷമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. പ്രതിദിനം 15,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ വേദിയിൽ കുടുംബങ്ങൾക്കും മറ്റും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികൾ അരങ്ങേരും. വിനോദങ്ങൾക്കായി ടോയ് ടൗൺ, നോർത്ത് പോൾ, വൈൽഡ് വിന്റർ, ഫ്രോസ്റ്റ് ഫെയർ എന്നിങ്ങനെ നാല് ഉപമേഖലകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഗെയിമുകളും മറ്റ് വിനോദാനുഭവങ്ങളും കൂടാതെ, നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളും വിന്റർ വണ്ടർലാൻഡിൽ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഷോപ്പിങ്, ഡൈനിംഗ് ഓപ്ഷനുകൾക്കൊപ്പം തത്സമയ സംഗീത പരിപാടികളും ഉത്സവ അലങ്കാരങ്ങളും ഇവിടെയുണ്ടാകും. ലോകോത്തര നിലവാരമുള്ള ഇവന്റുകൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ജിദ്ദയെ മാറ്റുന്നതിൽ വണ്ടർലാന്റും സുപ്രധാന പങ്ക് വഹിക്കും.