റിയാദ് എയറിന്റെ കൂടുതൽ ഡ്രീംലൈനറുകൾ അണിയറയിൽ ഒരുങ്ങുന്നു
പുത്തൻ വിമാനങ്ങൾ ഉടൻ സർവീസ് തുടങ്ങും
Update: 2025-12-15 11:26 GMT
റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ കൂടുതൽ വിമാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മൂന്നാമത്തെ ബോയങ് 787 ഡ്രീംലൈനർ വിമാനം ഉൽപാദനശാലയിൽ നിന്ന് പുറത്തിറങ്ങി. കമ്പനിയുടെ ഔദ്യോഗിക ചിഹ്നങ്ങൾ വിമാനത്തിൽ ആലേഖനം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നതായി റിയാദ് എയർ അറിയിച്ചു. ആധുനിക യാത്രാ നിലവാരങ്ങൾക്കനുസരിച്ചുള്ള ഒരു മികച്ചതും സുരക്ഷിതവുമായ യാത്രാനുഭവം യാത്രക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റമെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ മോഡലിലുള്ള ആദ്യ വിമാനം നിലവിൽ അന്തിമ സർട്ടിഫിക്കേഷൻ ഘട്ടത്തിലും, രണ്ടാമത്തേത് അതിനു പിന്നാലെയും പൂർത്തിയാകും. ആഗോള യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു വിമാനവ്യൂഹം സജ്ജമാക്കാനുള്ള കമ്പനിയുടെ വലിയ പദ്ധതിയുടെ പ്രധാന ചുവടുവയ്പ്പാണിത്.