അവകാശങ്ങൾ സംരക്ഷിച്ച് 60 രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടി പ്രവാസികൾ സൗദിയിൽ കഴിയുന്നു: മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ്

ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു

Update: 2026-02-24 11:52 GMT

റിയാദ്: അവകാശങ്ങൾ സംരക്ഷിച്ച് 60 രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടി പ്രവാസികൾ സൗദിയിൽ കഴിയുന്നതായി സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. ഹാല അൽ-തുവൈജിരി. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. അവകാശങ്ങൾ ഉറപ്പുനൽകുന്ന സംയോജിത നിയമ നീതിന്യായ ചട്ടക്കൂടിന് കീഴിലാണ് ഇവർ താമസിക്കുന്നതും ജോലി ചെയ്യുന്നതുമെന്നും ചൂണ്ടിക്കാട്ടി.

വിഷൻ 2030 പ്രകാരം നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ നേട്ടങ്ങൾ അവർ ചൂണ്ടിക്കാട്ടി. തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നത് 15% ൽ നിന്ന് 73% ആയതായും വ്യക്തമാക്കി. ജോലി സംബന്ധമായ മരണങ്ങളിൽ 70% കുറവുണ്ടായതായും അവർ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ നിരക്ക് 2016-ലെ 12.3% ത്തിൽ നിന്ന് 2025-ൽ ഏകദേശം 7% ആയി കുറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം 34% കവിഞ്ഞതായും 2017 മുതൽ 108% ത്തിലധികം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായതെന്നും പറഞ്ഞു. മധ്യ, മുതിർന്ന മാനേജ്മെന്റ് സ്ഥാനങ്ങളിൽ 44% പ്രാതിനിധ്യം സ്ത്രീകൾക്കുണ്ടെന്നും വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News