Writer - razinabdulazeez
razinab@321
റിയാദ്: സൗദി അറേബ്യയുടെ 'വേജ് പ്രൊട്ടക്ഷൻ' പ്രോഗ്രാമിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 94 ശതമാനം സ്വകാര്യ സ്ഥാപനങ്ങൾ. സൗദിയിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നാണ് 'വേജ് പ്രൊട്ടക്ഷൻ' പ്രോഗ്രാം. 2013 ൽ തുടക്കം കുറിച്ച ഈ പദ്ധതി, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സ്ഥാപനങ്ങളിലെ സുതാര്യത വർധിപ്പിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്.
അതേസമയം, മുദദ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ ആകെ എണ്ണം പത്ത് ലക്ഷം കടന്നു. ഈ കാലയളവിൽ പ്രോഗ്രാമിന്റെ നിബന്ധനകൾ പാലിക്കുന്നതിൽ സ്ഥാപനങ്ങൾ 85 ശതമാനത്തിലധികം കൃത്യതയും പുലർത്തി. കൂടാതെ, ഒരുകോടിയിലധികം തൊഴിലാളികളുടെ വേതനം പ്ലാറ്റ്‌ഫോമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. 2025 അവസാനത്തോടെ 1.7 കോടിയിലധികം പേറോൾ ഫയലുകളാണ് പ്ലാറ്റ്‌ഫോമിലൂടെ പ്രോസസ്സ് ചെയ്തത്.
ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് 'മുദദ്' പ്ലാറ്റ്‌ഫോമിലൂടെ ശമ്പളം ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുകയും കൈമാറുകയും ചെയ്യുന്ന രീതിയാണ് 'വേജ് പ്രൊട്ടക്ഷൻ' പ്രോഗ്രാമിലൂടെ നടക്കുന്നത്. ഇതിലൂടെ തൊഴിലാളികൾക്ക് അവരുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താം. സ്ഥാപനവും തൊഴിലാളികളും തമ്മിൽ നല്ലൊരു ബന്ധം നിലനിർത്താനും ഈ സുതാര്യമായ ഇടപാട് സഹായിക്കുന്നു.