സൗദിയുടെ വിദേശ കരുതൽ ശേഖരം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
1.78 ട്രില്യൺ റിയാലായാണ് സമ്പാദ്യം വർധിച്ചിരിക്കുന്നത്
റിയാദ്: സൗദിയുടെ വിദേശ കരുതൽ ശേഖരം കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ജനുവരിയിലെ കണക്കുകൾ പ്രകാരം 1.78 ട്രില്യൺ റിയാലായാണ് ഈ സമ്പാദ്യം വർധിച്ചിരിക്കുന്നത്. 2025 ഡിസംബറിനെ അപേക്ഷിച്ച് 5,870 കോടി റിയാലിന്റെ (3 ശതമാനം) വർധനവാണ് രേഖപ്പെടുത്തിയത്. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപം, വിദേശ കറൻസി നിക്ഷേപം, സ്വർണം തുടങ്ങിയവയിലെല്ലാം രാജ്യം കരുത്തുറ്റ നിലയിലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് മൊത്തം വിദേശ ആസ്തിയിൽ 1,558 കോടി റിയാലിന്റെ വർധനവ് ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിദേശ കറൻസി ശേഖരമാണ് സൗദിയുടെ ആസ്തിയുടെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത്. ജനുവരിയിൽ ഇത് 1.69 ട്രില്യൺ റിയാലായി ഉയർന്നു. ഐഎംഎഫിലെ സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് അഥവാ എസ്.ഡി.ആറുകളിലും 5 ശതമാനം വളർച്ചയുണ്ടായി. അതേസമയം, രാജ്യത്തിന്റെ സ്വർണശേഖരം മാറ്റമില്ലാതെ 1.62 ബില്യൺ റിയാലായി തുടരുകയാണ്.