'മുക്കം ഏരിയ റെസിഡന്‍സ് ആന്‍റ് വെല്‍ബിയിംഗ് അസോസിയേഷന്‍'; ദമ്മാമിൽ മുക്കം കൂട്ടായ്മ രൂപീകരിച്ചു.
താജുദ്ദീൻ മസൂദാണ് പരിപാടി ഉദ്ഘാടനം ചെയ്തത്
ദമ്മാം: സൗദി അറേബ്യയിലെ ദമാമിൽ മുക്കം പ്രദേശവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. 'മര്‍വ' മുക്കം ഏരിയ റെസിഡന്‍സ് ആന്‍റ് വെല്‍ബിയിംഗ് അസോസിയേഷന്‍ എന്നപേരിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുക. ഓർമ്മകളും സൗഹൃദവും പങ്കുവെച്ച് ഒരുമിച്ച് കൂടിയ സംഗമം ദമാമിലെയും പരിസര പ്രദേശങ്ങളിലെയും മുക്കത്തുകാരുടെ സൗഹൃദവേദിയായി മാറി. കൂട്ടായ്മയുടെ ഉദ്ദേശ്യങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും സ്വാഗത പ്രസംഗത്തിൽ അനസ് മുക്കം വിശദീകരിച്ചു. നജീബ് കൽപ്പൂർ അധ്യക്ഷത വഹിച്ച സംഗമം താജുദ്ദീൻ മസൂദ് ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതില്‍ ഇത്തരം കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മുക്കം പ്രദേശത്തെ മുതിർന്നവരേയും പൗരപ്രമുഖരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി രണ്ടുമാസത്തെ കാലയളവ് നിശ്ചയിക്കുകയും ഇതിന് നേതൃത്വം നല്‍കുന്നതിന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. “വീണ്ടും കാണാം, വീണ്ടും കൂടാം” എന്ന പ്രമേയത്തിൽ നവാസ് കുന്നത്ത് വിഷയാവതരണം നടത്തി. ഹാഷിം പാലൂര്‍, റഫീഖ് പാറത്തൊടിക, ഷുക്കൂർ മുക്കം , സജീർ മാപ്പിളവീട്ടിൽ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിവിധ ഏരിയകളിൽ നിന്നുള്ള അഫ്സൽ അഹമ്മദ് കുമാരനല്ലൂർ, റിൻഷാദ് ഗോശാലക്കൽനെല്ലിക്കാപറമ്പ്, ശിഹാബ് ചേപ്പാലി വല്ലതായ്പ്പാറ, ഫൈസൽ മുരിങ്ങംപുറായി, ഷുക്കൂർ ആനയാംകുന്ന്, ഇജാസ് വലിയപറമ്പ്, ആശിഖ് കാരശ്ശേരി, സവാദ് ഉള്ളാടൻ കാരമൂല, ജിനോ കൽപ്പൂർ , സാലിഹ് കക്കാട്, ആരിഫ് ചോണാട്, എന്നിവരെ ഏരിയ കോർഡിനേറ്റർമാരായും യോഗം നിശ്ചയിച്ചു.