Writer - razinabdulazeez
razinab@321
റിയാദ്: സൗദി അറേബ്യക്ക് ആണവോർജ സഹകരണം നൽകാൻ യുഎസ് കോൺഗ്രസിന്റെ അനുമതി തേടി ട്രംപ് ഭരണകൂടം ഇന്ന് കരാർ കൈമാറും. അമേരിക്കയിൽ നിന്ന് സാങ്കേതികവിദ്യയും ഇന്ധനവും വാങ്ങാൻ പ്രത്യേക അനുമതി നൽകുന്ന വൺടൂത്രീ കരാർ യുഎസ് കോൺഗ്രസ് പരിഗണിക്കും. സൗദിക്ക് ആണവോർജ സഹകരണം നൽകുന്ന കരാറിൽ കടുത്ത ഉപാധികളില്ലെന്നത് ശ്രദ്ധേയമാണ്. ഇത് ചൂണ്ടിക്കാട്ടി തടസ്സപെടുത്താൻ ഡെമോക്രാറ്റുകൾ രംഗത്തുണ്ട്.
വൈദ്യുതി ഉൽപ്പാദനം, മെഡിക്കൽ, ഗവേഷണം തുടങ്ങിയ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രം ആണവ സാങ്കേതികവിദ്യ സ്വന്തമാക്കാനാണ് സൗദിയുടെ ശ്രമം. ഇതിന് യുഎസ് കോൺഗ്രസിന്റെ വൺടൂത്രീ അനുമതി ആവശ്യമാണ്. ഒരു രാജ്യം ആണവോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അമേരിക്കയിൽ നിന്ന് സാങ്കേതികവിദ്യയും ഇന്ധനവും വാങ്ങാൻ പ്രത്യേക അനുമതി ആവശ്യമാണ്. ആ അനുമതിയാണ് 123 കരാർ. ഇത് ലഭിച്ചാൽ മാത്രമേ അമേരിക്കൻ കമ്പനികൾക്ക് ആ രാജ്യത്ത് ആണവ നിലയം നിർമിക്കാൻ കഴിയൂ. നവംബർ 2025-ൽ കോൺഗ്രസിന് അയച്ച റിപ്പോർട്ടിൽ, സൗദി അറേബ്യയിൽ ആണവ റിയാക്ടറുകൾ നിർമിക്കാൻ അമേരിക്കൻ സാങ്കേതികവിദ്യ നൽകുന്നതിനുള്ള പദ്ധതി ട്രംപ് വിശദീകരിച്ചിട്ടുണ്ട്. സൗദിക്ക് വലിയ നേട്ടമാകും കരാർ.
1. ആദ്യത്തെ ആണവ വൈദ്യുതി നിലയങ്ങൾ നിർമിക്കാൻ അമേരിക്കൻ സാങ്കേതികവിദ്യ ലഭിക്കും. 2. എണ്ണയെ ആശ്രയിക്കാത്ത സുസ്ഥിര ഊർജ സ്രോതസ്സ് സൃഷ്ടിക്കാം. 3. സാമ്പത്തിക വൈവിധ്യവത്കരണം വേഗത്തിലാകും. 4. യുറേനിയം സമ്പുഷ്ടീകരണം അനുവദിച്ചാൽ സ്വന്തമായ ആണവ ഫ്യുവൽ സൈക്കിളും വികസിപ്പിക്കാം. ഇതോടൊപ്പം ഊർജ സുരക്ഷ, അമേരിക്കൻ കമ്പനികളുമായുള്ള പങ്കാളിത്തം വഴി നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയും സൗദി ലക്ഷ്യം വെക്കുന്നു.
എന്നാൽ ട്രംപ് തയ്യാറാക്കിയ ചട്ടങ്ങളിൽ സൗദിയുടെ ആണവ ആയുധ വ്യാപനം തടയുന്ന കർശനമായ സുരക്ഷാ നടപടികൾ ഇല്ലെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു. പരമ്പരാഗതമായി യുഎസ് ആവശ്യപ്പെടുന്ന ഗോൾഡ് സ്റ്റാൻഡേർഡ് നിബന്ധനകൾ ഇല്ലാത്ത കരാറാണ് ഇതെന്നാണ് ആരോപണം. അതായത് ആണവ സമ്പുഷ്ടീകരണം, സ്പെന്റ് ഫ്യുവൽ റീപ്രോസസിങ് നിരോധനം എന്നിവ കരാറിലില്ലെന്ന്. സൗദി അറേബ്യയ്ക്ക് സ്വന്തമായി യുറേനിയം എൻറിച്ച്മെന്റ് പ്രോഗ്രാം നടത്താൻ ഇത് വഴിയൊരുക്കുമെന്നാണ് പറയുന്നതിന്റെ ചുരുക്കം. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സ്നാപ് ഇൻസ്പെക്ഷനുകൾ, വിശദമായ പരിശോധനകൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് വാദം.
എന്നാൽ കരാറിൽ അമേരിക്കൻ കമ്പനികളുടെ മേൽനോട്ടത്തിലാകും മുഴുവൻ പ്രൊജക്ടുകളുമെന്നതിനാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ട്രംപ് അനുകൂല റിപ്പോർട്ടുകളും പറയുന്നു. ഏതായാലും കോൺഗ്രസ് അനുമതി ലഭിക്കുകയാണ് പ്രധാന കടമ്പ. കരാർ സമർപ്പിച്ചാൽ 90 ദിവസത്തിനുള്ളിൽ സെനറ്റും ഹൗസും എതിർപ്പ് രേഖപ്പെടുത്തിയില്ലെങ്കിൽ കരാർ നിലവിൽ വരും.