ഖത്തറിൽ ശൈത്യം കടുക്കുന്നു; ജനുവരി വർഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമെന്ന് കാലാവസ്ഥാ വകുപ്പ്
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു
ദോഹ: ജനുവരി, 2026ലെ ഏറ്റവും തണുപ്പേറിയ മാസമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പ്രതിമാസ കാലാവസ്ഥാ റിപ്പോർട്ടിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഖത്തറിലെ ശീതകാലത്തിന്റെ രണ്ടാം മാസമാണ് ജനുവരി. ഈ മാസത്തിലുടനീളം തണുപ്പു നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും രണ്ടാം വാരത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണ വകുപ്പ് അറിയിച്ചു. മാസത്തിന്റെ ആദ്യ പകുതിയിൽ മഞ്ഞുമൂടിയ കാലാവസ്ഥയാകും ഉണ്ടാകുക. 17.7 ഡിഗ്രി സെൽഷ്യസാകും ഇക്കാലയളവിലെ ശരാശരി താപനില. 1964 ൽ രേഖപ്പെടുത്തിയ 3.8 ഡിഗ്രി സെൽഷ്യസാണ് ജനുവരിയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയെന്നും അധികൃതർ വ്യക്തമാക്കി.
മിസൈഈദിലാണ് വ്യാഴാഴ്ച ഏറ്റവും കുറവ് താപനില റിപ്പോർട്ട് ചെയ്തത് - ആറ് ഡിഗ്രി സെൽഷ്യസ്. ഖത്തർ യൂണിവേഴ്സിറ്റിയിലും ദോഹ എയർപോർട്ടിലുമാണ് കൂടുതൽ താപനില - 23 ഡിഗ്രി സെൽഷ്യസ്. തണുപ്പു കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അടച്ചിട്ടതോ വേണ്ടത്ര വായുപ്രവാഹമോ ഇല്ലാത്ത ഇടങ്ങളിൽ ചൂടുകായാൻ തീയോ കരിയോ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി.