ഒരു വർഷം 5.34 കോടി യാത്രക്കാർ; ലോകത്തിലെ മെഗാ എയർപോർട്ടുകളിൽ ഇടം പിടിച്ച് ജിദ്ദ വിമാനത്താവളം
സൗദി ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനത്താവളം ഇത്രയധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്
ജിദ്ദ: ലോകത്തിലെ മെഗാ എയർപോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. ഒരു വർഷത്തിനിടെ 5.34 കോടി യാത്രക്കാർക്ക് സേവനം നൽകിക്കൊണ്ടാണ് വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കിയത്. സൗദി ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനത്താവളം ഇത്രയധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ 3.1 ലക്ഷം വിമാന സർവീസുകളും 6 കോടിയിലധികം ലഗേജുകളും കഴിഞ്ഞ വർഷം കൈകാര്യം ചെയ്തു. ജിദ്ദയെ ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിന്റെ പ്രധാന നാഴികക്കല്ലാണിതെന്ന് ജിദ്ദ എയർപോർട്ട് കമ്പനി സി.ഇ.ഒ മാസിൻ ജോഹർ പറഞ്ഞു. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കാനാവശ്യമായ വിപുലീകരണ പദ്ധതികളും വിമാനത്താവളത്തിൽ പുരോഗമിക്കുകയാണെന്നുും അദ്ദേഹം വ്യക്തമാക്കി.