നിക്ഷേപകർക്ക് 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു
ഈ വർഷം ആദ്യപകുതി 1200 കോടി രൂപയുടെ ലാഭം
അബൂദബി: ഈവർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1200 കോടി രൂപയോളം നെറ്റ് പ്രോഫിറ്റ് ലുലു റീട്ടെയ്ൽ സ്വന്തമാക്കി. നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 ദശലക്ഷം ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക.
ഈ വർഷം രണ്ടാം പാദത്തിൽ 4.6 ശതമാനം അധിക വളർച്ച നേടാനായി. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്‌സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5037 കോടി രൂപയുടെ നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ (ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്ട്‌സ്) ലഭിച്ചു. റീട്ടെയ്ൽ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്. 952 കോടി രൂപയുടെ നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്‌സിനുണ്ട്.
യുഎഇയിൽ 9.4 ശതമാനം വളർച്ചയും സൗദി അറേബ്യയിൽ 3.8 ശതമാനം വളർച്ചയും കുവൈത്തിൽ 4.9 ശതമാനം വളർച്ച നാടാനായി.
ഈ വർഷം 11 പുതിയ സ്റ്റോറുകൾ തുറന്ന് കഴിഞ്ഞു. ഒമ്പത് പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിര വളർച്ചയിലൂടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. ഒരു ദശലക്ഷം പുതിയ അംഗങ്ങളോടെ 7.3 മില്യൺ പേർ ഹാപ്പിനെസ് പ്രോഗ്രാമിൽ അംഗങ്ങളായി. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.