പ്രവാസികളുടെ കഥ മാറും; സൗദിയിലെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക വിപണികളിൽ വിദേശികൾക്കും നിക്ഷേപമിറക്കാം
സൗദി-ജപ്പാൻ മന്ത്രിതല നിക്ഷേപ ഫോറത്തിൽ സൗദി നിക്ഷേപ മന്ത്രി
റിയാദ്: സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക വിപണികളിൽ 2026 മുതൽ വിദേശികൾക്കും വൻതോതിലുളള നിക്ഷേപാവസരം തുറക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. സൗദി-ജപ്പാൻ മന്ത്രിതല നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2030 ആരംഭിച്ചതു മുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഗണ്യമായി വർധിച്ചതായി അൽ ഫാലിഹ് ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ജപ്പാന്റെ ഏറ്റവും വലിയ ഊർജ വിതരണ സ്രോതസ്സായി തുടരും. ഹൈഡ്രജൻ, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, ആരോഗ്യ പരിചരണം, ഭക്ഷ്യ സുരക്ഷ, നവീകരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ജപ്പാൻ കമ്പനികൾക്ക് അവസരങ്ങൾ ഇപ്പോൾ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും (CMA) എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കും സൗദി വിപണി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 മുതൽ നേരിട്ട് നിക്ഷേപിക്കാൻ ഇതിലൂടെ അനുമതിയാകും. കൂടാതെ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമത്തിന് 2025 ജൂലൈ 25-ന് ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഇത് 180 ദിവസത്തിനുശേഷം പ്രാബല്യത്തിൽ വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതനുസരിച്ച് ഈ മാസം അവസാനത്തോടെ നിയമം പൂർണമായി നിലവിൽ വരും.