നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ ധ്രുവീകരണ ശ്രമത്തിനേറ്റ തിരിച്ചടി: പ്രവാസി വെൽഫെയർ

Update: 2025-06-23 10:22 GMT
Editor : Thameem CP | By : Web Desk

റിയാദ് : വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎം ശ്രമത്തിനേറ്റ തിരിച്ചടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ നാഷണൽ കമ്മിറ്റി. ഉപതെരഞ്ഞെടുപ്പിൽ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ സംഘപരിവാറിനെ തോൽപ്പിക്കുന്ന വർഗ്ഗീയ പ്രചാരണം സിപിഎം നടത്തിയെങ്കിലും യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്.

Advertising
Advertising

വെൽഫെയർ പാർട്ടിയെ മുൻനിർത്തി സിപിഎം നടത്തിയ ദുഷ്ടപ്രവർത്തനത്തെ ജനങ്ങൾ പുച്ഛിച്ച് തള്ളിയിരിക്കുന്നു. 9 വർഷത്തെ ഭരണത്തിന്റെ നേട്ടങ്ങളോ ജീവൽ രാഷ്ട്രീയത്തെയോ കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സിപിഎം അത്തരം ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ സാമൂഹ്യ ഘടനക്ക് ദീർഘകാല ആഘാതം സൃഷ്ടിക്കുന്ന കേരള സിപിഎമ്മിന്റെ അപകടകരമായ ഈ സമീപനം ജനം തിരിച്ചറിയണം. മലപ്പുറം ജില്ലയുടെ വികസനാവശ്യങ്ങളെയും ജില്ലയിലെ ജനസാമാന്യത്തെയും ഭീകരവൽക്കരിച്ച ഇടതു നയത്തിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം.ബി.ജെ.പിയെ നാണിപ്പിക്കുന്ന വിദ്വേഷ പ്രചാരണം ആണ് നടന്നത്. ഭരണകൂട പരാജയം മറച്ചു പിടിക്കാൻ സംഘ്പരിവാർ ദേശീയതലത്തിൽ ഉപയോഗിക്കുന്ന മുസ്ലിം വിരുദ്ധതയെ ബോധപൂർവ്വം നിലമ്പൂരിൽ ഉപയോഗപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്.

സംസ്ഥാന ആഭ്യന്തര വകുപ്പിനെ സംഘപരിവാറിന് വിട്ടുകൊടുക്കുകയും സംഘ്പരിവാറിന്റെ മുസ്ലിം ഭീതി രാഷ്ട്രീയ ലൈനായി സ്വീകരിക്കുകയുമാണ് സിപിഎം ചെയ്തത്. ആർ.എസ്.എസുമായി ഉണ്ടാക്കിയ രഹസ്യ ബാന്ധവത്തിന്റെ ആവേശ തള്ളിച്ചയായിരുന്നു എം.വി ഗോവിന്ദന്റെ തുറന്നു പറച്ചിൽ. വിഷലിപ്തമായ ശ്രമങ്ങൾ മുഴുവൻ നടത്തിയിട്ടും സിപിഎമിന് വിജയിക്കാൻ കഴിഞ്ഞില്ല. ഇത് നിലമ്പൂരിലെ ജനങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ബോധ്യത്തിന്റെ വിജയമാണ്. വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് ഒപ്പം നിന്ന് ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും നിലമ്പൂർ മുന്നോട്ട് വെച്ച രാഷ്ടീയത്തെ കേരളം ആകമാനം ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News