പ്രവർത്തന പ്രതിസന്ധി;റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി
യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ
റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയതായും ചിലത് വൈകുമെന്നും അധികൃതർ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ സ്റ്റാറ്റസും പുതുക്കിയ സമയക്രമവും പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാനും വിമാനത്താവള കെട്ടിടങ്ങളിൽ തിരക്ക് ഒഴിവാക്കാനുമാണ് ഈ നിർദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ പ്രവർത്തനത്തിലുണ്ടായ ബുദ്ധിമുട്ടുകളാണ് വിമാനങ്ങൾ വൈകാനും റദ്ദാക്കാനും കാരണമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. മറ്റു വിമാനത്താവളങ്ങളിൽ നിന്ന് നിരവധി വിമാനങ്ങൾ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതും ഇന്ധനവിതരണ സംവിധാനത്തിലെ പരിപാലന പ്രവൃത്തികളും ഇതിന് കാരണമായി.
സൗദി എയർലൈൻസിന്റെ ചില സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് വിമാനത്താവള അധികൃതർ ഊന്നിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിച്ച് പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്.