സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാരുടെ മടക്കയാത്ര നാളെ മുതൽ; ആദ്യ വിമാനം കൊച്ചിയിലേക്ക്
ജൂൺ 30 ആണ് മലയാളി ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാവുക
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ മടക്കം നാളെ ആരംഭിക്കും. മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. സൗദി സമയം ഉച്ചക്ക് 2:30നാണ് മദീനയിൽനിന്നുള്ള ആദ്യ വിമാനം. മദീന വിമാനത്താവളം വഴി കൊച്ചിയിലേക്കാണ് ഹാജിമാരുമായുള്ള ആദ്യ വിമാനം പറന്നിറങ്ങുക. ഷോർട്ട് ഹജ്ജ് വിഭാഗത്തിലെത്തിയ 430 തീർഥാടകരാണ് ആദ്യ സംഘത്തിൽ യാത്രയാവുന്നത്. വ്യാഴാഴ്ച രാത്രി 11.30ന് സംഘം കൊച്ചിയിലെത്തും. മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ആദ്യ വിമാനത്തിലെ തീർഥാടകരെ സ്വീകരിക്കും. ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ളവർ 3 ദിവസത്തെയും അല്ലാത്തവർ 8 ദിവസത്തെയും മദീന സന്ദർശനം പൂർത്തിയാക്കിയാണ് മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുന്നത്.
തീർഥാടകർക്ക് വിതരണം ചെയ്യാനുള്ള 5 ലിറ്റർ സംസം വെള്ളത്തിന്റെ കാനുകൾ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഹജ്ജ് തീർഥാടനം കഴിഞ്ഞു മടങ്ങുന്ന എല്ലാ തീർഥാടകരും എബോള നിരീക്ഷണത്തിന്റെ ഭാഗമായി സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇതിനായുള്ള ഫോം മദീനയിൽവച്ച് തന്നെ തീർഥാടകർക്ക് നൽകുന്നുണ്ട്. ഈ മാസം 21 മുതൽ കണ്ണൂരിലേക്കും, 23 മുതൽ കോഴിക്കോട്ടേക്കുമുള്ള ഹാജിമാരുടെ മടക്കവും ആരംഭിക്കും. ജൂൺ 30 ആണ് മലയാളി ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാവുക.