ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെ.എം.സി.സി; 3000 കമ്പളി പുതപ്പുകൾ കൈമാറി
ഒരാഴ്ചത്തെ കാലയളവിൽ 9 ലക്ഷം രൂപ സമാഹരിച്ചാണ് പുതപ്പ് വാങ്ങുന്നത്
റിയാദ്: കൊടുംതണുപ്പിൽ ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് ആശ്വാസമേകി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. മുസ്‌ലിം ലീഗിന് കീഴിലുള്ള ലാഡർ ഫൗണ്ടേഷൻ നടത്തുന്ന പുതപ്പ് സമാഹരണ യജ്ഞത്തിലേക്ക് 3000 കമ്പളി പുതപ്പുകളാണ് റിയാദ് കെ.എം.സി.സി സമാഹരിച്ചു നൽകിയത്. പുതപ്പുകൾ വാങ്ങുന്നതിനായി സമാഹരിച്ച 9 ലക്ഷം രൂപ സൗദി കെഎംസിസി നാഷണൽ കമ്മിറ്റിക്ക് കൈമാറി. ഒരാഴ്ചത്തെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ വലിയ തുക സമാഹരിച്ചത്.
വാട്സാപ്പ് വഴിയുള്ള സന്ദേശത്തിലൂടെ റിയാദ് കെ.എം.സി.സിക്ക് കീഴിലെ വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തകരും ഈ കാരുണ്യ ദൗത്യത്തിൽ അണിചേർന്നു. സംഘടനയോടുള്ള പ്രവർത്തകരുടെ കൂറും സേവനതാല്പര്യവുമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും വലിയ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിച്ചതെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അറിയിച്ചു. പദ്ധതിയുമായി സഹകരിച്ച എല്ലാ ഭാരവാഹികള്‍ക്കും പ്രവർത്തകര്‍ക്കും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവര്‍ നന്ദി രേഖപ്പെടുത്തി.