കിങ് സൗദ് യൂണിവേഴ്‌സിറ്റി മുതൽ ദിരിയ ഗേറ്റ് വരെ; റിയാദ് മെട്രോ റെഡ് ലൈൻ വികസിപ്പിക്കുന്നു
8.4 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത
റിയാദ്: റിയാദ് മെട്രോയിൽ കൂടുതൽ സ്റ്റേഷനുകൾ വരുന്നു. റെഡ് ലൈൻ ശൃംഖല ദിരിയ ഗേറ്റ് വികസന പദ്ധതിയിലേക്ക് നീട്ടുന്നതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി പ്രഖ്യാപിച്ചു. കിങ് സൗദ് സർവകലാശാല മുതൽ ദിരിയ ഗേറ്റ് വരെ 8.4 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ സ്റ്റേഷനുകൾ കൂടി നിലവിൽ വരും. ഇതിൽ രണ്ട് സ്റ്റേഷനുകൾ കിങ്് സൗദ് സർവകലാശാലാ കാമ്പസിലും മെഡിക്കൽ സിറ്റിയിലുമായിരിക്കും. ബാക്കി മൂന്ന് സ്റ്റേഷനുകൾ ചരിത്രപ്രധാനമായ ദിരിയ മേഖലയിലാണ് വരുന്നത്.അതിൽ ഒരു സ്റ്റേഷൻ ഭാവിയിൽ വരാനിരിക്കുന്ന ലൈൻ 7-മായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ജംഗ്ഷനായി പ്രവർത്തിക്കും. 7.1 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ തുരങ്കങ്ങളാണ് ഈ പാതയുടെ പ്രധാന പ്രത്യേകത. കൂടാതെ 1.3 കിലോമീറ്റർ മേൽപ്പാലവും സജ്ജമാക്കും. 6 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വിപുലീകരണം പൂർത്തിയാകുന്നതോടെ റിയാദിലെ പ്രധാന സാംസ്‌കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളായ അൽതുറൈഫ്, അൽബുജൈരി, ഓപ്പറ ഹൗസ് എന്നിവയെ മെട്രോയുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. കൂടാതെ കിങ് ഫഹദ് സ്പോർട്സ് സിറ്റിയിൽ നിന്നും ദിരിയയുടെ ഹൃദയഭാഗത്തേക്ക് വെറും 40 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനും ഇതിലൂടെ സാധിക്കും. പ്രതിദിനം ഒന്നര ലക്ഷത്തോളം വാഹനങ്ങൾ നിരത്തിൽ നിന്ന് കുറയ്ക്കാൻ ഈ പുതിയ പാത സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.