Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: റോസ് കൃഷിയിൽ വലിയ പുരോഗതി കൈവരിച്ച് സൗദി അറേബ്യ. ആഗോളതലത്തിൽ ത്വാഇഫിലെ റോസുകൾക്ക് ആവശ്യം വർധിച്ചു വരികയാണെന്ന് സുസ്ഥിര ഗ്രാമീണ കാർഷിക വികസന പ്രോഗ്രാം 'റീഫ് സൗദി' അറിയിച്ചു. വാർഷിക ഉൽപാദനത്തിൽ 15% വർധനവാണ് റോസ് കൃഷിയിൽ രാജ്യത്ത് രേഖപ്പെടുത്തിയത്. ഈ വളർച്ച ത്വാഇഫ് ഗവർണറേറ്റിലെ ചെറുകിട കർഷകർക്കും ഉൽപാദകർക്കും വലിയ സാമ്പത്തിക നേട്ടമാണ് നൽകുന്നത്.
റീഫ് സൗദി ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന മേഖലകളിലൊന്നാണ് റോസ്കൃഷിയെന്ന് വക്താവ് മാജിദ് അൽ ബുറൈകാൻ വ്യക്തമാക്കി. കർഷകർക്കും ഉൽപാദകർക്കും ആവശ്യമായ സാങ്കേതിക സഹായങ്ങളും മാർഗനിർദേശങ്ങളും പ്രോഗ്രാം വഴി നൽകുന്നുണ്ട്. കൃഷി ആരംഭിക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ കർഷകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. ഉൽപാദിപ്പിക്കുന്ന റോസാപൂക്കൾ രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്യുന്നതിന് റീഫ് സൗദി കർഷകരെ സഹായിക്കുന്നു. ത്വാഇഫ് മേഖലയിലെ റോസ് ഉൽപാദകരുടെ പുരോഗതിക്കായി റോസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രോഗ്രാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.
ത്വാഇഫിലെ വിവിധ ഭാഗങ്ങളിലായി മൊത്തം 700 ഹെക്ടർ സ്ഥലത്ത് ഏകദേശം 1300 റോസ് കൃഷിയിടങ്ങളുണ്ട്. ഏകദേശം 50 കോടി റോസുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. അൽ ഹദ, അൽ ഷിഫ, അൽ ഹസ്ബ, അൽ ഖദീരീൻ, വാദി മുഹറം, തെക്കൻ ത്വാഇഫ്, അൽഹവിയ, അൽ സെയിൽ തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാന റോസ് കൃഷി ഇടങ്ങൾ.