റിയാദിലെ ഭൂമി നിയന്ത്രണം നീക്കി റോയൽ കമ്മീഷൻ
പുതിയ നീക്കം വാടക കുറയ്ക്കും
റിയാദ്: റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി വിൽപനക്കും വാങ്ങലിനുമുള്ള നിയന്ത്രണം നീക്കി. റിയാദിന് പടിഞ്ഞാറുള്ള 33.24 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്കാണ് നീക്കിയത്. നേരത്തെ പ്രഖ്യാപിച്ച വാടക നിരോധന ഉത്തരവിന് പിന്നാലെ റോയൽ കമ്മീഷന്റേതാണ് പുതിയ തീരുമാനം.
ഇതോടെ പ്രദേശത്തെ ഭൂവുടമകൾക്കും സ്വത്ത് ഉടമകൾക്കും ഭൂമി വാങ്ങൽ, വിൽക്കൽ, കെട്ടിട പെർമിറ്റുകൾ നേടൽ തുടങ്ങിയവക്ക് അവകാശം ലഭിക്കും. വാദി ഹനീഫ പ്രദേശത്തിനും അതിന്റെ പോഷകനദികൾക്കുമുള്ള നഗര കോഡ് അനുസരിച്ചാണ് ഇടപാടുകൾ സാധ്യമാകുക. റിയാദിൽ വരാനിരിക്കുന്ന വികസന നടപടികളുടെ ഭാഗമാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം. ഇത് വാടക കുറക്കാൻ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക നിരക്ക് വർധന നിരോധിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ സൗദിയിലുടനീളം നിയന്ത്രണം നടപ്പാക്കാനാണ് പദ്ധതി.