ജിദ്ദയിലെ ശറഫിയ്യ ഇനി മിനി ഇന്ത്യയാകും; ഇന്ത്യൻ സാംസ്കാരിക ചിഹ്നങ്ങൾ പ്രമേയമാക്കി നഗരം പുതുക്കിപ്പണിയും
പദ്ധതി പൂർത്തീകരിക്കുന്നതിനായി ജിദ്ദയിലെ സൗദി ഉംറാൻ സൊസൈറ്റിയും ദാറുൽ ഹിക്മ യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.
സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസികൾ ഏറ്റവും കൂടുതൽ പേർ തങ്ങുന്ന ശറഫിയ്യ നഗരത്തെ മിനി ഇന്ത്യയാക്കുന്നു. ഇന്ത്യൻ പ്രവാസികൾ, വിശേഷിച്ച് മലയാളികൾ ഏറ്റവും കൂടുതൽ തിങ്ങിപാർക്കുന്നതും ഒത്തു ചേരുന്നതും ജോലിചെയ്യുന്നതുമായ പ്രദേശമാണ് ശറഫിയ്യ. ജിദ്ദ നഗരസഭക്ക് കീഴിലാണ് പദ്ധതി. ഇന്ത്യയിലെ സാംസ്കാരിക ചിഹ്നങ്ങളും കൊത്തുപണികളും പ്രമേയമാക്കിയാണ് ശറഫിയ്യ നഗരം പുതുക്കിപ്പണിയുക.
ഇതിനായി ജിദ്ദയിലെ ദാറുൽ ഹിക്മ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ലിറ്റിൽ ഇന്ത്യ എന്ന പേരിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. പദ്ധതി പൂർത്തീകരിക്കുന്നതിനായി ജിദ്ദയിലെ സൗദി ഉംറാൻ സൊസൈറ്റിയും ദാറുൽ ഹിക്മ യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ദാറുൽ ഹിക്മ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഹിക്മ സ്‌കൂൾ ഓഫ് ഡിസൈൻ ആന്റ് ആർക്കിടെക്ചറിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളുമായി സഹകരിച്ചാണ് ജിദ്ദ നഗരസഭ പദ്ധതി നടപ്പിലാക്കുക
രാജ്യവ്യാപകമായി നഗരങ്ങളുടെ സൗന്ദര്യവൽക്കരണം നടന്ന് വരികയാണ് സൗദിയിലിപ്പോൾ. ജിദ്ദയിലുൾപ്പെടെ പല സ്ഥലങ്ങളിലും വ്യാപകമായി പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയും ആവശ്യമായവ പരിഷ്‌കരിച്ചും, റോഡുകളും തെരുവോരങ്ങളും നവീകരിച്ചും പുനരുദ്ധാരപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജിദ്ദയിലെ ശറഫിയ്യയിലും പുനുരുദ്ധാരണം നടന്ന് വരുന്നു.